Breaking News

Trending right now:
Description
 
Apr 06, 2018

ലോക ടേബിള്‍ ടെന്നിസ്‌ ദിനം പ്രമാണിച്ച്‌ പ്രോത്സാഹനവുമായി ടിആര്‍എടിടി ക്ലബ്‌

image ആലപ്പുഴ: ലോക ടേബിള്‍ ടെന്നിസ്‌ ദിനം (2018 ഏപ്രില്‍ ആറ്‌) പ്രമാണിച്ച്‌ ടേബിള്‍ ടെന്നിസിനെ മത്സര ഇനം എന്നതിനേക്കാളുപരി വിനോദവും നേരമ്പോക്കും വ്യായാമവും എന്ന നിലകളില്‍ ടിആര്‍എടിടി ക്ലബ്‌ വീടുകളിലും ജോലിസ്ഥലങ്ങളിലും പ്രോത്സാഹിപ്പിക്കും. സ്ഥലസൗകര്യം കുറവുള്ള വീടുകളില്‍ ഭക്ഷണമേശ പോലും ടേബിള്‍ ടെന്നിസ്‌ കളിക്കാന്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.

സ്വിറ്റ്‌സര്‍ലാന്‍ഡ്‌ കേന്ദ്രമായുള്ള ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ്‌ ഫെഡറേഷന്റെ (ഐ.ടി.ടി.എഫ്‌) ആഭിമുഖ്യത്തിലാണ്‌ ലോകമെമ്പാടും ലോക ടേബിള്‍ ടെന്നിസ്‌ ദിനം ആഘോഷിക്കുന്നത്‌. എവിടെയും എങ്ങനെയും എന്തുപയോഗിച്ചും കളിച്ചു എല്ലാ വിഭാഗം ആള്‍ക്കാരെയും ഗയിമിലേക്ക്‌ ആകര്‍ഷിക്കുക എന്നതാണീ ദിവസത്തിന്റെ പ്രത്യേകത. പ്രദര്‍ശനങ്ങളും ക്ലാസുകളും സംഗീതവും എല്ലാം ഇതിന്റെ ഭാഗങ്ങളാണ്‌. പാര്‍ക്കുകളിലും റോഡുകളിലും തുടങ്ങി ബാറുകളില്‍വരെ അകത്തും പുറത്തും കളികള്‍ സംഘടിപ്പിക്കും. മിക്കയിടങ്ങളിലും പരമ്പരാഗത രീതിയില്‍ നിന്നു മാറിയുള്ളതാണ്‌ ആഘോഷദിവസമുള്ള കളികള്‍. കുഞ്ഞന്‍ ടേബിള്‍ മുതല്‍ വമ്പന്‍ ടേബിളുകളില്‍ വരെ വിവിധ രീതികളില്‍ രസകരമായ രീതികളില്‍ ചെറുതും വലുതുമായ ബാറ്റുകള്‍ ഉപയോഗിച്ചുള്ള കളികള്‍. അമച്വറുകള്‍ക്കു കടന്നെത്താന്‍ എല്ലാ അവസരങ്ങളുമുണ്ട്‌.

ടിആര്‍എടിടി ക്ലബിന്റെ ലോഗോ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രചാരണ പോസ്‌റ്റര്‍ ഐടിടിഎഫ്‌ പുറത്തിറക്കിയിട്ടുണ്ട്‌. കേരള സംസ്ഥാന ടേബിള്‍ ടെന്നിസ്‌ സബ്‌ ജൂണിയര്‍ ഗേള്‍സ്‌ ഒന്നാം റാങ്ക്‌ ചാമ്പ്യന്‍ റീവ അന്ന മൈക്കിളിന്റെ ഫോട്ടോയാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 'ജീവിതം പോലെയാണ്‌ ടേബിള്‍ ടെന്നിസ്‌. കൂടുതല്‍ നിങ്ങള്‍ അഭ്യസിക്കുന്നതനുസരിച്ച്‌, കൂടുതല്‍ മെച്ചപ്പെട്ടത്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്നു.' എന്ന വാക്യമാണ്‌ പോസ്‌റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ടേബിള്‍ ടെന്നിസ്‌ കളി പ്രോത്സാഹിപ്പിക്കാന്‍ കേരളത്തില്‍ റസിഡന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച ഏക ടേബിള്‍ ടെന്നിസ്‌ ക്ലബാണിതെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ പറഞ്ഞു. 2013ലാണ്‌ തുടക്കം. ജര്‍മനിയില്‍ നിന്ന്‌ ഐടിടിഎഫ്‌ ഡെവലപ്‌മെന്റ്‌ ഡയറക്ടര്‍ ലിയാന്‍ഡ്രോ ഒള്‍വെക്‌, മാനേജര്‍ വിബ്‌ക്‌ ഷെഫ്‌ലര്‍ എന്നിവര്‍ ടിആര്‍എടിടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്‌.

ആലപ്പുഴ വൈ.എം.സി.എ സ്റ്റാഗ്‌ ടേബിള്‍ ടെന്നിസ്‌ അക്കാഡമിയുമായി സഹകരിച്ചാണ്‌ കുട്ടികള്‍ക്ക്‌ പ്രോഫഷണല്‍ പരിശീലനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. അന്താരാഷ്‌്‌ട്ര നിലവാരത്തിലുള്ള വിശാലമായ അരീനയും റോബോട്ട്‌ അടക്കമുള്ള ആധുനിക സംവിധാനങ്ങളും സജ്ജമാണെന്നു പ്രസിഡന്റ്‌ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌ വ്യക്തമാക്കി. തത്തംപള്ളി സി.വൈ.എം.എ ടേബിള്‍ ടെന്നിസ്‌ അക്കാഡമിയില്‍ യുവാക്കള്‍ക്കു കളിക്കാന്‍ സൗകര്യമുണ്ടെന്നു സെക്രട്ടറി റ്റോം ജോണ്‍ മലയില്‍ അറിയിച്ചു.