Breaking News

Trending right now:
Description
 
Apr 05, 2018

കോമണ്‍വെല്‍ത്ത്‌ ഗയിംസില്‍ ഇന്ത്യയ്‌ക്ക്‌ ആദ്യ സ്വര്‍ണം

image കോമണ്‍വെല്‍ത്ത്‌ ഗയിംസിലെ ആദ്യദിനംതന്നെ മെഡലോടെ ഇന്ത്യ തുടങ്ങി. ഗോള്‍ഡ്‌ കോസ്‌റ്റില്‍ നടക്കുന്ന ഗയിംസില്‍ വനിതകളുടെ ഭാരോദ്വഹനത്തിലാണ്‌ ഇന്ത്യയുടെ മീരാഭായ്‌ ചാനു സ്വര്‍ണം നേടിയത്‌. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ്‌ ചാനുവിന്റെ സുവര്‍ണ നേട്ടം. 110 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത്‌ റിക്കോര്‍ഡോടെയാണ്‌ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. നിലവിലെ ലോക ചാമ്പ്യനാണ്‌ മീരാഭായ്‌. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പി.ഗുരുരാജ വെള്ളിമെഡല്‍ നേടി. 56 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഗുരുരാജയുടെ നേട്ടം. സ്‌നാച്ചില്‍ 111 കിലോ ഉയര്‍ത്തിയ ഗുരുരാജ ശ്രീലങ്കന്‍ താരത്തിനു പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു. ഗോള്‍ഡ്‌ കോസ്‌റ്റിലെ മത്സരത്തില്‍ മലേഷ്യന്‍താരം മുഹമ്മദ്‌ ഇസാര്‍ അഹമ്മദിനാണ്‌ സ്വര്‍ണം. ശ്രീലങ്കയുടെ ചതുരംഗ ലക്‌മല്‍ വെങ്കലം നേടി. അതേസമയം, നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ മലയാളിതാരം സജന്‍ പ്രകാശ്‌ നിരാശ സമ്മാനിച്ചു. പ്രതീക്ഷയോടെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ സജന്‍ ഹീറ്റ്‌സില്‍തന്നെ പുറത്തായി. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ്‌ ഇനത്തിലാണ്‌ സജന്‍ മത്സരിച്ചത്‌. ചാള്‍സ്‌ രാജകുമാരന്‍ ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു. കാഴ്‌ചയുടെ വിസ്‌മയം പകര്‍ന്ന്‌ വര്‍ണാഭമായ ചടങ്ങോടെയായിരുന്നു ഗയിംസിന്‌ തിരിതെളിഞ്ഞത്‌. കരാറെ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടനചടങ്ങുകള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ 25000 പേരെത്തി. മാര്‍ച്ച്‌ പാസ്റ്റില്‍ 71 രാജ്യങ്ങളില്‍നിന്നുള്ള അത്‌ലീറ്റുകള്‍ പങ്കെടുത്തു. 225 അംഗ ഇന്ത്യന്‍ ടീമിനെ നയിച്ച്‌ ബാഡ്‌മിന്റന്‍ താരം പി.വി.സിന്ധു ത്രിവര്‍ണ്ണപതാകയേന്തി. ഇത്‌ അഞ്ചാംതവണയാണ്‌ ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വേദിയാകുന്നത്‌. 275 ഇനങ്ങളിലാണ്‌ ആകെ മത്സരം.