Breaking News

Trending right now:
Description
 
Apr 05, 2018

പട്ടണത്തിലെ മാവുകളിലെ ഫലം സംരക്ഷിക്കണം

image ആലപ്പുഴ: പട്ടണത്തിലെ വീടുകളിലെ ചെറിയ മുറ്റങ്ങളില്‍ വളര്‍ന്നു നില്‌ക്കുന്ന മാവുകള്‍ സംരക്ഷിച്ചു കഴിയുന്നത്ര ഫലം ഉത്‌പാദിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍തലത്തിലെടുക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളായിട്ടും പ്രതികരണമില്ല. ഇതേസമയം, കൃഷിവികസനത്തിന്റെ പേരില്‍ ഒരിക്കലും കിളിര്‍ക്കാത്ത വിവിധയിനം വിത്തുകളും തൈകളും ആയിരക്കണക്കിനു രൂപ ചെലവഴിച്ചു വിതരണം ചെയ്യുന്നുമുണ്ട്‌. കേരളത്തിലെ വീട്ടുവളപ്പുകളിലെ മാവുകളിലെ കീടശല്യവും രോഗങ്ങളും ഒഴിവാക്കാന്‍ വ്യാപകമായി നടപടികള്‍ സ്വീകരിക്കാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടു കേരള സര്‍ക്കാരിനും കാര്‍ഷിക സര്‍വകലാശാലയ്‌ക്കും ഒരു വ്യാഴവട്ടമായി തുടര്‍ച്ചയായി എഴുതുന്നുണ്ടെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. അധികൃതര്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറഞ്ഞപക്ഷം മാമ്പഴയീച്ച കെണിയെങ്കിലും കുറഞ്ഞ വിലയ്‌ക്ക്‌ വ്യാപകമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കും.

വര്‍ഷങ്ങള്‍ പരിപാലിച്ചു നിലനിറുത്തുന്ന മാവുകളില്‍ അടുത്ത വര്‍ഷങ്ങളായി വിളവ്‌ കുത്തനെ കുറഞ്ഞുവരുകയാണ്‌. കീടാക്രമണം മൂലം ടണ്‍ കണക്കിനു മാങ്ങയാണ്‌ വര്‍ഷംതോറും നഷ്ടപ്പെടുന്നത്‌. പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ക്കു കീടപ്രതിരോധത്തിനു വ്യക്തിപരമായി സാധ്യമായെന്നു വരികയില്ല. വളര്‍ന്നു വലുതായ വൃക്ഷങ്ങളില്‍ കീടനാശിനി തളിക്കലും ഇത്തിള്‍ പറിക്കലും അടക്കമുള്ള കാര്യങ്ങള്‍ വിവിധ ബുദ്ധിമുട്ടുകള്‍ കാരണം സാധാരണ നടക്കാറില്ല. കീടബാധയ്‌ക്കും പ്രാണികള്‍ക്കും പുഴുക്കള്‍ക്കും എതിരേ ഒരു പ്രദേശമാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഫലവത്താകുകയുമില്ല. കീടശല്യം മൂലം മാങ്ങ വിളവെത്താതെ നശിക്കുകയും വിളവെത്തുന്നവ പുഴുശല്യം മൂലം ഉപയോഗശൂന്യമാകുകയുമാണ്‌ ചെയ്യുന്നത്‌. ജനങ്ങളുടെ ഒരു സീസണിലെ പോക്ഷകാഹാരപ്രദാനമായ ഭക്ഷ്യാവശ്യവും ആവശ്യത്തിനുള്ള വില്‌പനയുമാണ്‌ ഓരോ വര്‍ഷവും ഇല്ലാതാകുന്നത്‌. വന്‍ ദേശീയനഷ്ടമാണിതുണ്ടാക്കുന്നത്‌.