Breaking News

Trending right now:
Description
 
Apr 05, 2018

തമിഴ്‌നാട്ടില്‍ ബന്ദ്‌, സ്‌റ്റാലിനെ അറസ്‌റ്റു ചെയ്‌തുനീക്കി

image കാവേരി ജലവിനിയോഗ ബോര്‍ഡ്‌ ഉടന്‍ രൂപീകരിക്കണമെന്നു ആവശ്യപ്പെട്ടു ബിജെപി ഒഴികെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ബന്ദ്‌ അവസാനിക്കാന്‍ മണിക്കൂറുകള്‍ ഉളളപ്പോള്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ജനജീവിതത്തെ ബാധിച്ചേക്കാവുന്ന ബന്ദിനെ നേരിടാന്‍ ചെന്നൈയില്‍ മാത്രം 15000 പൊലീസുകാരെയാണ്‌ ഒരുക്കിയിരുന്നത്‌. കര്‍ണാടക അതിര്‍ത്തിയില്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ്‌ ജാഗ്രതയിലാണ്‌. പ്രതിഷേധങ്ങളുടെ ഭാഗമായി ഡിഎംകെ നേതാവ്‌ എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ചെന്നൈ ഇവിആര്‍ സ്റ്റാച്യുവിനു മുമ്പില്‍ റോഡ്‌ ഉപരോധിച്ച്‌ പ്രതിഷേധം നടത്തി. സംഭവത്തെ തുടര്‍ന്ന്‌ ഇവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു നീക്കി. ഡിഎംകെ, കോണ്‍ഗ്രസ്‌, എംഡിഎംകെ, സിപിഎം തുടങ്ങി എട്ടു പ്രതിപക്ഷപാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയുള്ള ബന്ദിനു ട്രേഡ്‌ യൂണിയനുകളും കര്‍ഷക, വ്യാപാരി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജല്ലിക്കെട്ട്‌ മോഡല്‍ പ്രതിഷേധം നടത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിക്കുകയാണ്‌ പ്രതിപക്ഷത്തിന്റെ ലക്ഷ്യം. കഴിഞ്ഞദിവസം ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടന്നിരുന്നു. ബുധനാഴ്‌ച വിവിധ ഭാഗങ്ങളില്‍ റോഡ്‌-റെയില്‍ ഗതാഗതം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. ട്രെയിനുകള്‍ തടയുമെന്ന്‌ സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ 29നകം കാവേരി മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ ഉള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നു.