Breaking News

Trending right now:
Description
 
Apr 03, 2018

വിന്നി മണ്ടേല അന്തരിച്ചു; ഇവര്‍ കേരളം സന്ദര്‍ശിച്ചിരുന്നു

image അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ജോഹന്നാസ്‌ബര്‍ഗിലെ നെറ്റ്‌ കെയര്‍ മില്‍പാര്‍ക്ക്‌ ഹോസ്‌പിറ്റലില്‍ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. 1964 മുതല്‍ 1990വരെ നീണ്ട മണ്ടേലയുടെ ജയില്‍വാസ കാലത്ത്‌ അദ്ദേഹത്തിന്റെ പകരമായി പുറത്തുപ്രവര്‍ത്തിച്ചിരുന്നത്‌ വിന്നിയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്‌ അംഗം, മന്ത്രി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വര്‍ണവിവേചന വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചെങ്കിലും അക്രമത്തിനു കൂട്ടുനില്‍ക്കുകയും അഴിമതി നടത്തുകയും ചെയ്‌തെന്ന ആരോപണത്തില്‍ കുടുങ്ങി പൊതുജീവിതത്തില്‍നിന്ന്‌ അപമാനിതയായി പുറത്തുപോകേണ്ടിവന്ന വിവാദനായികയാണ്‌ വിന്നി. വിന്നിയെ രാഷ്ട്രമാതാവ്‌ എന്നാണ്‌ അനുയായികള്‍ വിളിച്ചിരുന്നത്‌. 1936 സെപ്‌റ്റംബര്‍ 26നു ജനിച്ച വിന്നി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക എന്ന നിലയിലാണ്‌ മണ്ടേലയെ കണ്ടുമുട്ടുന്നത്‌. 1958-ല്‍ ഇവര്‍ വിവാഹിതരായി. മണ്ടേല-വിന്നി ദാമ്പത്യം 38 വര്‍ഷം ദീര്‍ഘിച്ചു. ഇതില്‍ 27വര്‍ഷത്തോളം നെല്‍സണ്‍ ജയിലിലായിരുന്നു. 1996ലായിരുന്നു ഇവരുടെ വിവാഹമോചനം. രണ്ടുപെണ്‍മക്കളുണ്ട്‌. 1998ല്‍ എണ്‍പതാംവയസില്‍ നെല്‍സണ്‍ മണ്ടേല മുന്‍ മൊസാംബിക്‌ പ്രസിഡന്റ്‌ സമോറ മാച്ചെലിന്റെ വിധവ ഗ്രേക്കയെ വിവാഹം ചെയ്‌തു. 2013 ഡിസംബറിലായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ മരണം. ഒട്ടേറെ തവണ ജയിലില്‍ അടയ്‌ക്കപ്പെടുകയും വീട്ടുതടങ്കലിലാവുകയും ചെയ്‌ത വിന്നി ഏകാന്തതടവും അനുഭവിച്ചു. 1975-ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്‌ വിമന്‍സ്‌ ലീഗിന്റെ നേതാവായി. 1999-ല്‍ കേളം സന്ദര്‍ശിച്ചിരുന്നു.