Breaking News

Trending right now:
Description
 
Apr 03, 2018

ലോയയുടെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നു

image ദുരൂഹസാഹചര്യത്തില്‍ മരിച്ച സിബിഐ പ്രത്യേക ജഡ്‌ജി ബി.എച്ച്‌.ലോയയുടെ പോസ്‌റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നുവെന്നു സംശയിക്കുന്നതായി വെളിപ്പെടുത്തല്‍. ലോയയുടെ തലയ്‌ക്കു പിന്നിലുണ്ടായിരുന്ന മുറിവിനെക്കുറിച്ചു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ലെന്നു കാരവന്‍ മാഗസിന്‍ ആണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാറിന്റെ ഭാര്യാസഹോദരനായ ഡോ.മകരന്ദ്‌ വ്യവഹാരെയാണ്‌ ഈ കൃത്രിമത്തിനു നേതൃത്വം നല്‍കിയതെന്നും പുതിയ വെളിപ്പെടുത്തലിലുണ്ട്‌. ലോയയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത നാഗ്‌പൂര്‍ ഗവ.മെഡിക്കല്‍ കോളജ്‌ ഫോറന്‍സിക്‌ വിഭാഗത്തിലെ നിലവിലുള്ളവരും വിരമിച്ചവരുമായ ജീവനക്കാരെ രഹസ്യമായി കണ്ട്‌ അഭിമുഖം നടത്തി റിപ്പോര്‍ട്ട്‌ തയാറാക്കുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടം നടത്തിയതും രേഖകളില്‍ ഒപ്പുവച്ചതും ഡോ.എന്‍.കെ.തുംറാമാണെങ്കിലും തലയിലെ മുറിവിന്റെ കാര്യം റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതില്ല എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍ മുറിയിലുണ്ടായിരുന്നുവെന്നാണ്‌ ജീവനക്കാര്‍ വെളിപ്പെടുത്തിയത്‌. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ കൈകാര്യം ചെയ്‌തിരുന്ന ജഡ്‌ജി ലോയ 2014 ഡിസംബര്‍ ഒന്നിനാണ്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌. ലോയയുടെ സ്വാഭാവിക മരണമായിരുന്നില്ലെന്നു കഴിഞ്ഞ ഡിസംബറില്‍ കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതിയില്‍ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയും ജസ്റ്റീസ്‌ എ.എം.ഖാന്‍വില്‍കറും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ്‌.