Breaking News

Trending right now:
Description
 
Apr 03, 2018

ദലിത്‌ സംഘടനകളുടെ ഭാരതബന്ദ്‌: വ്യാപക ആക്രമണം; 9 മരണം

image പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകള്‍ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത്‌ സംഘടനകള്‍ നടത്തിയ ഭാരബന്ദില്‍ വ്യാപക ആക്രമണത്തില്‍ ഒമ്പതു മരണം. മധ്യപ്രദേശില്‍ ആറുപേരും, യുപിയില്‍ രണ്ടുപേരും, രാജസ്ഥാനില്‍ ഒരാളുമാണ്‌ മരിച്ചത്‌. മധ്യപ്രദേശ്‌, യുപി, രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക ആക്രമണമാണ്‌ ഉണ്ടായത്‌. പ്രക്ഷോഭകാരികളും പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിലാണ്‌ മരണം. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക്‌ പരുക്കുണ്ട്‌. പലയിടത്തും വാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ്‌ പ്രക്ഷോഭകര്‍ നിരത്തിലിറങ്ങിയത്‌. ഒട്ടേറെ വാഹനങ്ങള്‍ക്ക്‌ തീയിട്ടു. ബസിനു നേര്‍ക്ക്‌ കല്ലേറുണ്ടായി. പ്രക്ഷോഭം നൂറോളം ട്രെയിനുകളെ ബാധിച്ചു.
ഗ്വാളിയാറില്‍ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കു ഉപയോഗിച്ച്‌ ആക്രമി വെടിവയ്‌ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ചില സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി നല്‍കി. പഞ്ചാബില്‍ സിബിഎസ്‌ഇയുടെ പന്ത്രണ്ടാംക്ലാസ്‌ പരീക്ഷ മാറ്റിവച്ചു. പഞ്ചാബിലും ഗുജറാത്തിലും പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവച്ചു. മധ്യപ്രദേശിലെ മൊറേനിയില്‍ ദലിത്‌ വിദ്യാര്‍ഥി നേതാവ്‌ രാഹുല്‍ പാഠക്‌ പൊലീസ്‌ വെടിവയ്‌പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ ഗ്വാളിയര്‍, മൊറേന എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അക്രമങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന്‌ സൈന്യത്തെ രംഗത്ത്‌ ഇറക്കി. അക്രമം രൂക്ഷമായ യുപി, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലേക്കു കേന്ദ്രസര്‍ക്കാര്‍ 800 ദ്രുതകര്‍മ പൊലീസ്‌ സേനാംഗങ്ങളെ അയച്ചു. ആളുകള്‍ സംയമനം പാലിക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ അഭ്യര്‍ഥിച്ചു.