Breaking News

Trending right now:
Description
 
Apr 01, 2018

സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എബിവിപി നേതാവ്‌ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

image സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട്‌ ജാര്‍ഖണ്ഡിലെ ഛത്രയില്‍ എബിവിപി നേതാവ്‌ സതീഷ്‌ പാണ്ഡെ ഉള്‍പ്പെടെ 12 പേരെ കേസ്‌ അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ്‌ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്‌തു. അറസ്റ്റിലായവരില്‍ ഒമ്പത്‌ പേര്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥികളാണ്‌. വാട്‌സാപ്പിലൂടെ ഇവര്‍ പരസ്‌പരം കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയുടെ തലേദിവസം കൈമാറിയതായി കണ്ടെത്തി. സ്റ്റഡിവിഷന്‍ എന്ന കോച്ചിങ്‌ സെന്ററിന്റെ ഉടമയാണ്‌ അറസ്റ്റിലായ സതീഷ്‌ പാണ്ഡെ. ബിഹാറിലും ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റു ഉണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന്റെ സൂത്രധാരന്മാര്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്‌. കേസ്‌ അന്വേഷിക്കുന്ന പ്രത്യേക സംഘം ഇതുവരെ 60 പേരെ ചോദ്യം ചെയ്‌തു. ജാര്‍ഖണ്ഡിലും ബിഹാറിലെയും അറസ്‌റ്റോടെ, ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ്‌ പത്താംക്ലാസിലെ കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെയും സിബിഎസ്‌ഇയുടെയും വാദം പൊളിഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കേന്ദ്രത്തിനും സിബിഎസ്‌ഇയ്‌ക്കുമെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നലെയും തുടര്‍ന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന്‌ ഡല്‍ഹിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഉന്നതരും എബിവിപി നേതാവും ഉള്‍പ്പെട്ട തട്ടിപ്പിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്‌. ഇതിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നു വിദ്യാര്‍ഥി പ്രതിനിധികള്‍ വ്യക്തമാക്കി.