Breaking News

Trending right now:
Description
 
Mar 30, 2018

ടി.എസ്‌.നന്ദകുമാറിന്‌ നാമം 2018 എക്‌സലന്റ്‌ പുരസ്‌കാരം

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ആന്‍ഡ്‌ അസോസിയേറ്റഡ്‌ മെമ്പേഴ്‌സിന്റെ (നാമം) ഈവര്‍ഷത്തെ നാമം 2018 എക്‌സലന്റ്‌ പുരസ്‌കാരത്തിന്‌ ടി.എസ്‌.നന്ദകുമാര്‍ അര്‍ഹനായി. അമേരിക്കയില്‍ കര്‍ണ്ണാട്ടിക്‌ പെര്‍ക്കന്‍ഷന്‍ സംഗീതരംഗത്ത്‌ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. ഏപ്രില്‍ 28ന്‌ വൈകിട്ട്‌ അഞ്ചിന്‌ ന്യൂജേഴ്‌സിയിലെ എഡിസണില്‍ നടക്കുന്ന നാമം 2018 എക്‌സലന്റ്‌ അവാര്‍ഡ്‌ നൈറ്റില്‍ അദ്ദേഹത്തിന്‌ അവാര്‍ഡ്‌ സമ്മാനിക്കും. നാദസ്വര കലാകാരന്മാരായ അമ്പലപ്പുഴ സഹോദരന്മാര്‍ എന്നപേരിലറിയപ്പെടുന്ന ശങ്കരനാരായണപണിക്കരുടെയും ഗോപാലകൃഷ്‌ണപണിക്കരുടെയും അനന്തരവനായ ടി.എസ്‌.നന്ദകുമാര്‍ മൃദംഗവായനയിലൂടെ ലോകത്തെ അതിശയിപ്പിച്ച വ്യക്തിയാണ്‌. കര്‍ണ്ണാട്ടിക്‌ സംഗീതത്തിലെ ലോകം അറിയപ്പെടുന്ന പെര്‍ക്കഷനിസ്റ്റ്‌ ആയ ഇദ്ദേഹം സംഗീതലോകത്തിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറിയത്‌ നാലാം വയസുമുതലാണ്‌. വളരെ ചെറുപ്പത്തില്‍തന്നെ മുംബൈയിലേക്കു കുടിയേറി. ഏഷ്യയിലെതന്നെ ഏറ്റവും വലിയ സംഗീതകോളജായ മുംബൈയിലുള്ള ഷണ്‍മുഖാനന്ദ ഫൈന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സംഗീതസഭയില്‍ 28 വര്‍ഷം സംഗീത അധ്യാപകനായിരുന്നു.

39വര്‍ഷത്തെ മുംബൈ ജീവിതത്തിനിടെ സംഗീതലോകത്തെ കുലപതികളായ ശെമ്മാക്കുടി ശ്രീനിവാസഅയ്യര്‍, എം.ഡി.രാമനാഥന്‍, എസ്‌.രാമനാഥന്‍, ആര്‍.കെ.ശ്രീകാന്ത്‌, വി.ദക്ഷിണാമൂര്‍ത്തി, ഭീമസണ്‍ ജോഷി, എം.ബാലമുരളീകൃഷ്‌ണ, ടി.എന്‍.കൃഷ്‌ണന്‍, എല്‍.സുബ്രഹ്മണ്യന്‍, എന്‍.രമണി, ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ്‌, എന്‍.രാജ, ടി.കെ.ഗോവിന്ദറാവു, നെടുങ്കുറി കൃഷ്‌ണമൂര്‍ത്തി, ടി.വി.ഗോപാലകൃഷ്‌ണന്‍ തുടങ്ങി നിരവധി സംഗീതജ്ഞര്‍ക്കുവേണ്ടി മൃദംഗം വായിക്കാന്‍ അദ്ദേഹത്തിനായി. ജൂണ്‍ 11ന്‌ 60 വയസ്‌ തികയുന്ന ടി.എസ്‌.നന്ദകുമാറിനുള്ള ജന്മദിന സമ്മാനമായിരിക്കും ഈ അവാര്‍ഡ്‌ എന്ന്‌ നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ്‌ മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ്‌ തമ്പി, സെക്രട്ടറി സജിത്ത്‌ ഗോപിനാഥ്‌, വൈസ്‌ പ്രസിഡന്റ്‌ ആശാ നായര്‍, ട്രഷറര്‍ അനിതാ നായര്‍, എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ പ്രിയ സുബ്രഹ്മണ്യം, വര്‍ഗീസ്‌ ആന്റണി, രഞ്‌ജിത്‌ പിള്ള, തുമ്പി അന്‍സൂദ്‌, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ.പ്‌ദമജ നായര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.