Breaking News

Trending right now:
Description
 
Mar 29, 2018

നീതിപീഠത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നു: ജസ്റ്റീസ്‌ ചെലമേശ്വര്‍

image ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു സുപ്രീംകോടതി ജഡ്‌ജി ജെ.ചെലമേശ്വര്‍ രംഗത്ത്‌. ജുഡീഷ്യറിയില്‍ കേന്ദ്രം അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നുമാണ്‌ ആരോപണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്‌ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്‌ജിമാരുടെയും യോഗം വിളിക്കണമെന്നു ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയ്‌ക്കുള്ള കത്തില്‍ ജസ്റ്റീസ്‌ ചെലമേശ്വര്‍ ആവശ്യപ്പെട്ടു. കര്‍ണാടക സെഷന്‍സ്‌ ജഡ്‌ജി പി.കൃഷ്‌ണഭട്ടിനെ ഹൈക്കോടതി ജഡ്‌ജിയാക്കി ഉയര്‍ത്തണമെന്നു കൊളീജിയം രണ്ടുതവണ ശിപാര്‍ശ ചെയ്‌തത്‌ അംഗീകരിക്കാതെ ജഡ്‌ജിക്കെതിരെ കേന്ദ്രം അന്വേഷണം നടത്തുന്നതാണ്‌ വിമര്‍ശനത്തിനു കാരണം. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്‌ജിമാരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള നിലവിലുള്ള നടപടികള്‍ ആരംഭിക്കുന്നത്‌ സുപ്രീംകോടതി കൊളീജിയം യോഗത്തിലാണ്‌. കൊളീജിയം നല്‍കുന്ന ശിപാര്‍ശ അംഗീകരിക്കാനാവില്ലെങ്കില്‍ തിരിച്ചയയ്‌ക്കാമെന്നല്ലാതെ നിയമിക്കുന്ന ജഡ്‌ജിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ നേരിട്ട്‌ ഒരു നടപടിയും സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്നാണ്‌ ജസ്റ്റീസ്‌ ചെലമേശ്വര്‍ പറയുന്നു. എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ ചീഫ്‌ ജസ്റ്റീസിന്റെ സമ്മതം തേടണം. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസിനെയും കൊളീജിയത്തെയും മറികടന്നാണെന്നു ജസ്റ്റീസ്‌ ചെലമേശ്വര്‍ കുറ്റപ്പെടുത്തി.