Breaking News

Trending right now:
Description
 
Mar 28, 2018

അമത്‌ഷായുടെ നാവുപിഴച്ചു; ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെഡിയൂരപ്പ അഴിമതിക്കാരന്‍

image നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന ആവേശത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കു നാവുപിഴച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്‌. യെഡിയൂരപ്പയ്‌ക്കെതിരെയാണ്‌ അദ്ദേഹം ശക്തമായ പ്രസംഗം നടത്തിയത്‌. ബിജെപിയുടെ അങ്കപ്പുറപ്പാടിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടകയിലെ അഴിമതിയെക്കുറിച്ചു അമിത്‌ഷാ വാചാലനാകുന്നതിനിടെ - അഴിമതിക്ക്‌ അവാര്‍ഡുണ്ടെങ്കില്‍ അതു യെഡിയൂരപ്പ സര്‍ക്കാരിനു തന്നെയെന്നു വ്യക്തമാക്കി. യെഡിയൂരപ്പ തൊട്ടടുത്തിരിക്കുമ്പോഴായിരുന്നു ഈ കടുത്ത വാക്കുകള്‍. മുന്‍ സംസ്ഥാന അധ്യക്ഷനും എംപിയുമായ പ്രഹ്ലാദ്‌ ജോഷി ശ്രദ്ധയില്‍പെടുത്തിയതോടെയാണ്‌ നാവുപിഴച്ച കാര്യം അമിത്‌ഷാ അറിഞ്ഞത്‌. പെട്ടെന്ന്‌ അദ്ദേഹം സിദ്ധരാമയ്യ സര്‍ക്കാരെന്നു തിരുത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചദിവസം തന്നെ ബിജെപിക്കെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ വടി പരമാവധി പ്രചരിപ്പിച്ചു കോണ്‍ഗ്രസ്‌ ആഘോഷമാക്കി. ബിജെപി അധ്യക്ഷന്‍ സമ്മാനിച്ച ഈ വീഡിയോയോടെ ഞങ്ങളുടെ പ്രചാരണം തുടങ്ങുന്നുവെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു. നുണകളുടെ ഷാ അവസാനം സത്യം പറഞ്ഞതില്‍ നന്ദിയെന്നു സിദ്ധരാമയ്യ ട്വീറ്റ്‌ ചെയ്‌തു. ഇതിനുമുമ്പും സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെഡിയൂരപ്പയെന്നു അമിത്‌ഷാ പറഞ്ഞിട്ടുണ്ട്‌.