Breaking News

Trending right now:
Description
 
Mar 27, 2018

പൊലീസിന്‌ നല്ലനടപ്പ്‌ പരിശീലനത്തിന്‌ പൊലീസ്‌ മേധാവിയുടെ നിര്‍ദേശം

image വാഹനപരിശോധനയുടെയും മറ്റുംപേരില്‍ ജനങ്ങളെ കൈയ്യേറ്റം ചെയ്യുന്നുവെന്നതരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നതായി പരാതി ഉയര്‍ന്നതോടെ സംസ്ഥാനത്തെ പൊലീസിന്‌ നല്ലനടപ്പ്‌ പരിശീലനത്തിന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുടെ നിര്‍ദേശം. ഇന്നു പരിശീലനത്തിനു തുടക്കം കുറിക്കും. ഒറ്റദിവസംകൊണ്ട്‌ അവസാനിപ്പിക്കാതെ പരിശീലനം ആവര്‍ത്തിക്കണമെന്നും നിര്‍ദേശമാണ്‌. ഇതുസംബന്ധിച്ച്‌ ജില്ലാ പൊലീസ്‌ മേധാവികള്‍ക്ക്‌ സര്‍ക്കുലര്‍ അയയ്‌ക്കുകയും ചെയ്‌തു. വാഹന പരിശോധന വേളകളിലും മറ്റു സമാനസന്ദര്‍ഭങ്ങളിലും ശരിയായ പരിശോധനാ രീതികളും പെരുമാറ്റവും ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം. പരിശീലനത്തിന്‌ തുടക്കം കുറിക്കുന്ന ഇന്ന്‌ ഒരുമണിക്കൂര്‍ പൊലീസിന്‌ ക്ലാസ്‌ ഉണ്ടാകും. പൊലീസ്‌ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചാണ്‌ പരിശീലനം. വാഹനയാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങളും തെറ്റായ രീതികള്‍ സംബന്ധിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതിയും ക്ലാസില്‍ ഉള്‍പ്പെടുത്തണം. ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെയും അമിതവേഗത്തില്‍ പോകുന്നവരെയും എങ്ങനെ പരിശോധിക്കണമെന്നു പരിശീലനത്തില്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. പൊലീസിന്റെ പെരുമാറ്റം എങ്ങനെയാകണമെന്നും പ്രായോഗിക പരിശീലനം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ട്രാഫിക്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍, ട്രാഫിക്‌ നിയന്ത്രിക്കുന്ന പൊലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം നിര്‍ബന്ധമായും പരിശീലനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ ജില്ലാ പൊലീസ്‌ മേധാവികള്‍ക്ക്‌ നല്‍കിയിട്ടുള്ള നിര്‍ദേശം.