Breaking News

Trending right now:
Description
 
Mar 26, 2018

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍വീണ ബാലിക മരിച്ചു

image നീലേശ്വരത്ത്‌ മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ പിന്‍ചക്രത്തില്‍ കുരുങ്ങി റോഡിലേക്കു തെറിച്ചുവീണ ബാലിക മരിച്ചു. ബിരിക്കുളം പെരിയങ്ങാനത്തെ കുന്നിരിക്കില്‍ സജിയുടെയും ബിന്ദുവിന്റെയും ഏക മകള്‍ മരിയ 12 ആണു മരിച്ചത്‌. ഞായറാഴ്‌ച രാവിലെ ഏഴോടെ ബിരിക്കുളം ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ മാതാപിതാക്കളുടെ നടുക്കിരുന്ന്‌ ബിരിക്കുളത്തെ ചെറുപുഷ്‌പം പള്ളിയില്‍ ഓശാന പെരുന്നാളിന്‌ പങ്കെടുക്കാന്‍ പോവുകയായിരുന്നു മരിയ. ചുരുദാറിന്റെ ഷാള്‍ കാറ്റില്‍ പറന്ന്‌ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുരുങ്ങി കഴുത്തില്‍ മുറുകി. ഇതോടെ മരിയയും അമ്മ ബിന്ദുവും റോഡിലേക്കുവീണു. ബൈക്ക്‌ നിയന്ത്രണംവിട്ട്‌ മറിയുകയും ചെയ്‌തു. തലയ്‌ക്കും കഴുത്തിനും പരുക്കേറ്റ മരിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സജിക്കും ബിന്ദുവിനും പരുക്കുണ്ട്‌. പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ മരിയ. സംസ്‌കാരം ഇന്നു നടത്തും. ഇന്ന്‌ മരിയയുടെ പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ്‌ ദുരന്തമുണ്ടായത്‌.