Breaking News

Trending right now:
Description
 
Mar 26, 2018

വെള്ളക്കാരനുമുമ്പില്‍ നഗ്നരാകാന്‍ മടിയില്ല; സര്‍ക്കാര്‍ വിവരങ്ങള്‍ ചോദിച്ചതാണ്‌ പ്രശ്‌നം'

image അമേരിക്കന്‍ വീസയ്‌ക്കുവേണ്ടി വെള്ളക്കാരനുമുമ്പില്‍ നഗ്നരാകാന്‍ മടിയില്ലാത്തവര്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ചോദിച്ചാല്‍ സ്വകാര്യതയുടെ പ്രശ്‌നം ഉയര്‍ത്തി വഷളാക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം കുറ്റപ്പെടുത്തി. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ചുള്ള വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ്‌ വീസയ്‌ക്കുവേണ്ടി പത്തുപേജുള്ള അപേക്ഷാ ഫോമാണ്‌ താന്‍ പൂരിപ്പിച്ചു നല്‍കിയത്‌. അതിനുവേണ്ടി വിരലടയാളങ്ങള്‍ നല്‍കുന്നതിനും വെള്ളക്കാരനുമുമ്പില്‍ നഗ്നരാകുന്നതിനും നമുക്ക്‌ ഒരു കുഴപ്പവുമില്ല. എന്നാല്‍, വലിയൊരു പരിഷ്‌കരണ നടപടിയുടെ ഭാഗമായി പേരും വിലാസവുമൊക്കെ സര്‍ക്കാര്‍ ചോദിച്ചാല്‍ അതു നല്‍കാന്‍ നമുക്ക്‌ മടിയാണ്‌. അതേചൊല്ലി വന്‍ ജനകീയപ്രക്ഷോഭം ഉണ്ടാകും. സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കു കടന്നുകയറിയെന്നു പ്രചാരണം നടത്തുകയും ചെയ്യും- മന്ത്രി കുറ്റപ്പെടുത്തി. ആധാറിനായി സര്‍ക്കാര്‍ നിര്‍ബന്ധക്കില്ല. അതില്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുമില്ല. ആധാര്‍ സുരക്ഷിതമാണ്‌. അതിലെ ബയോമെട്രിക്‌ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്നും അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു.