Breaking News

Trending right now:
Description
 
Mar 24, 2018

രാജ്യസഭാ തിരഞ്ഞെടുപ്പ്‌: യുപിയില്‍ ബിജെപിക്കു അട്ടിമറി ജയം

image യുപിയിലെ 10 സീറ്റുകളിലേക്കു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ അട്ടിമറി വിജയം. ഒമ്പതു സീറ്റിലും ബിജെപി വിജയിച്ചു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്കുള്ള ബിജെപിയുടെ മറുപടിയാണിത്‌. എസ്‌പിയില്‍നിന്നും ബിഎസ്‌പിയില്‍നിന്നും വോട്ടുചേര്‍ച്ചയുണ്ടായതാണ്‌ ബിജെപിക്കു സഹായമായത്‌. ജയാബച്ചനാണ്‌ വിജയിച്ച എസ്‌പി സ്ഥാനാര്‍ഥി. സമാജ്‌ വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പിന്തുണച്ച ബിഎസ്‌പി സ്ഥാനാര്‍ഥിക്കു വിജയിക്കാനായില്ല. യുപിയില്‍ ആദ്യറൗണ്ടില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഉള്‍പ്പെടെ എട്ടു ബിജെപി സ്ഥാനാര്‍ഥികളും എസ്‌പി സ്ഥാനാര്‍ഥിയും ജയിച്ചു. പത്താമനു വിജയിക്കാനാവശ്യമായ 37 വോട്ടില്‍ ബിഎസ്‌പിയുടെ ബി.ആര്‍.അംബേദ്‌കറിന്‌ 32 വോട്ടും ബിജെപിയുടെ അനില്‍ അഗര്‍വാളിനു 16 വോട്ടുമാണ്‌ ലഭിച്ചത്‌. തുടര്‍ന്നു രണ്ടാം മുന്‍ഗണനാ വോട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അഗര്‍വാള്‍ വിജയിച്ചത്‌. ബിഎസ്‌പിയുടെയും എസ്‌പിയുടെയും ഓരോ എംഎല്‍എമാര്‍ ബിജെപിക്കു വോട്ടു ചെയ്‌തു. യുപി, പശ്ചിമബംഗാള്‍, തെലുങ്കാന, ജാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌, കേരളം സംസ്ഥാനങ്ങളിലേക്കുള്ള 26 സീറ്റുകളിലേക്കാണ്‌ തിരഞ്ഞെടുപ്പു നടന്നത്‌. ഇതില്‍ 12 ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ്‌-5, തൃണമൂല്‍കോണ്‍ഗ്രസ്‌-4, ടിആര്‍എസ്‌-3, ജെഡിയു-1, സമാജ്‌ വാദിപാര്‍ട്ടി-1 എന്നിങ്ങനെയാണ്‌ കക്ഷികളുടെ നില. ഗുജറാത്തും, മധ്യപ്രദേശും, മഹാരാഷ്ട്രയും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ 33 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപിയുടെ മുന്‍ കേരള സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍നിന്നും എന്‍ഡിഎ കേരള വൈസ്‌ ചെയര്‍മാന്‍ രാജീവ്‌ ചന്ദ്രശേഖര്‍ കര്‍ണാകടയില്‍നിന്നും രാജ്യസഭയിലെത്തി. എല്‍ഡിഎഫ്‌ പിന്തുണയോടെ ജനതാദളിലെ എം.പി.വീരേന്ദ്രകുമാര്‍ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.