Breaking News

Trending right now:
Description
 
Mar 21, 2018

ഐഎസ്‌ ഭീകരരുടെ പിടിയിലായ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ്‌

image മൂന്നുവര്‍ഷം മുമ്പ്‌ ഇറാക്കിലെ മൊസൂളില്‍നിന്നു ഐഎസ്‌ ഭീകരര്‍ (ഇസ്ലാമിക്‌ സ്റ്റേറ്റ്‌) തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്‌ ഇന്നലെ പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്‌. 40 ഇന്ത്യാക്കാരെയാണ്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്‌. ഇവരില്‍ ഹര്‍ജിത്‌ മസിഹ്‌ എന്നയാള്‍ ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലീം എന്ന വ്യാജേന രക്ഷപ്പെട്ടിരുന്നു. ശേഷിച്ച 39 പേരും ഇറാക്കിലെ ബദൂഷില്‍വച്ചു കൊല്ലപ്പെട്ടു. മൊസൂള്‍ നഗരത്തിനു വടക്കുപടിഞ്ഞാറ്‌ ബാദുഷ്‌ ഗ്രാമത്തില്‍ മലയുടെ താഴെയാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. പഞ്ചാബുകാരായ 27 പേരും ബിഹാറുകാരായ ആറുപേരും, ഹിമാചലില്‍നിന്നുള്ള നാലുപേരും, ബംഗാളില്‍നിന്നുള്ള രണ്ടുപേരുമാണ്‌ കൊല്ലപ്പെട്ടവര്‍. ഇന്ത്യയില്‍നിന്നുള്ള ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിള്‍ ഒത്തുനോക്കിയാണു മൃതദേഹങ്ങള്‍ കാണാതായവരുടേതെന്നു സ്ഥിരീകരിച്ചതെന്നു മന്ത്രി വ്യക്തമാക്കി. ഇറാക്കി അധികൃതരുടെ സഹായത്തോടെ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്നംഗസംഘമാണ്‌ ബദൂഷയില്‍ തിരച്ചില്‍ നടത്തിയത്‌. പെനിട്രേഷന്‍ റഡാറുകള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ബാഗ്‌ദാദില്‍ എത്തിച്ചാണ്‌ ഡിഎന്‍എ പരിശോധന നടത്തിയത്‌. 39 പേരെയും തന്റെ കണ്‍മുമ്പില്‍വച്ചു വെടിവച്ചു കൊല്ലുന്നതു കണ്ടുവെന്ന്‌ ഹര്‍ജിത്‌ മസിഹ്‌ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല. 2014 ജൂണിലാണ്‌ അരിഖനൂര്‍ അല്‍ ഹൂദ എന്ന കമ്പനിയിലെ 40 തൊഴിലാളികളെ ഐഎസ്‌ തട്ടിക്കൊണ്ടുപോയത്‌.