Breaking News

Trending right now:
Description
 
Mar 20, 2018

ശശികലയുടെ ഭര്‍ത്താവ്‌ നടരാജന്‍ അന്തരിച്ചു

image അണ്ണാ ഡിഎംകെ വിമതനേതാവ്‌ വി.കെ.ശശികലയുടെ ഭര്‍ത്താവ്‌ എം.നടരാജന്‍ (76) അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനീഗിള്‍സ്‌ ഗ്ലോബല്‍ ആശുപത്രിയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഞ്ചുമാസം മുമ്പ്‌ കരള്‍, വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കിയിരുന്നു. രണ്ടാഴ്‌ചമുമ്പാണ്‌ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ശനിയാഴ്‌ച രാത്രി കടത്തു നെഞ്ചുവേദന അനുഭവ്‌പെട്ട നടരാജനെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു. അഴിമതിക്കേസില്‍ ബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്‌ ശശികല. ഭര്‍ത്താവിന്റെ ആരോഗ്യനിലകാണിച്ച്‌ ശശികല നല്‍കിയ പരോള്‍ ഹര്‍ജി ഒക്ടോബറില്‍ കോടതി പരിഗണിക്കുകയും നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അഞ്ചുദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്‌തിരുന്നു. വര്‍ഷങ്ങളായി പൊതുരംഗത്തു സജീവമല്ലാതിരുന്ന നടരാജന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണശേഷമാണ്‌ വീണ്ടും പ്രത്യക്ഷപ്പെട്ടത്‌. എഐഎഡിഎംകെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ലെങ്കിലും ഒ.പനീര്‍ശെല്‍വം വിമതസ്വരം ഉയര്‍ത്തിയപ്പോഴടക്കം ശശികലയ്‌ക്കു പിന്തുണയുമായി രംഗത്ത്‌ എത്തിയിരുന്നു. എന്നാല്‍, അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിനേതൃത്വം സഹോദരീപുത്രന്‍ ടി.ടി.വി.ദിനകരനെയാണ്‌ ശശികല ഏല്‍പ്പിച്ചത്‌. ജയലളിതയുടെ രാഷ്ട്രീയ തുടക്കത്തില്‍ നടരാജനായിരുന്നു ഉപദേശികരില്‍ ഒരാള്‍. 1989-ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പങ്കുവഹിച്ചു. അതിനുശേഷം ജയലളിതയുമായി നടരാജന്‍ തെറ്റുകയും പുറത്താക്കപ്പെടുകയും ചെയ്‌തതോടെ ശശികല ജയലളിതയ്‌ക്കൊപ്പംകൂടി. ജയലളിതയുടെ ചില യോഗങ്ങളുടെ വീഡിയോ കവറേജ്‌ ശശികല ഏറ്റെടുക്കുകയും തുടര്‍ന്നുള്ള സൗഹൃദവുമാണ്‌ ശശികലയെ ജയലളിതയുടെ സന്തതസഹചാരിയാക്കിയത്‌.