Breaking News

Trending right now:
Description
 
Feb 04, 2013

അര്‍ജുനവേഷത്തില്‍ അനന്തുമണി പകര്‍ന്നാടുന്നു

അജിത്‌ കെ. നായര്‍
image "ഞാന്‍ വലിയ പെണ്ണായി കല്ല്യാണം കഴിച്ചു കഴിയുമ്പോള്‍ എനിക്ക്‌ ഒരു മകനെ തന്നാല്‍ ഞാന്‍ കഥകളി പഠിപ്പിക്കാമെന്ന്‌..." തൃപ്പക്കൂടം ക്ഷേത്രത്തിലെ ശിവ-പാര്‍വതിമാരോട്‌ കളിവാക്കു പറഞ്ഞത്‌ ശോഭ മറന്നിട്ടും ഭഗവാന്‍ മറന്നില്ല. കലയുടെ ചന്ദ്രിക തിലകക്കുറിയായി ശോഭയുടെ മകനില്‍ തൊട്ടു നല്‌കി ഭഗവാന്‍.

അനന്തു വേദിയില്‍ അര്‍ജ്ജുനനായി വേഷപ്പകര്‍ച്ഛ നേടിയപ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം കൗമാരപ്രായത്തില്‍ ആശ്ചര്യത്തോടെ തൊട്ടുനോക്കുവാന്‍ കൊതിച്ച ആ സ്വപ്‌നവേഷത്തിലാണ്‌ മകന്‍ നിറഞ്ഞാടുന്നത്‌. അനന്തു മണിയെന്ന കലാകരന്‍ പിറവിയെടുത്തതിന്‌ പിന്നില്‍ ഒരമ്മയുടെ അദമ്യമായ ആഗ്രഹമുണ്ട്‌.

അന്നൊരു കുട്ടിക്കാലത്ത്‌, കഥകളിയുടെ ആടയാഭരണങ്ങള്‍ കണ്ടു കൊതിച്ച്‌ അര്‍ത്ഥം മനസിലാകാത്ത വാക്കുകള്‍ക്കൊപ്പം അവളുടെ മനസ്‌ ചലിച്ചത്‌ ആട്ടക്കാരന്റെ ഭാവപ്പകര്‍ച്ചകള്‍ക്കൊപ്പമായിരുന്നു. ദളിത്‌ ദമ്പതികളായ ശോഭയുടെയും മണിയുടെയും മകനായ അനന്തു മണി ഇത്തവണ സംസ്ഥാന യുവജനോത്സവ വേദിയില്‍ അര്‍ജ്ജുനനായി നേടിയത്‌ എ ഗ്രേഡാണ്‌.. എറണാകുളം ജില്ലയിലെ ആന്തല്ലൂര്‍ സ്വദേശിയാണ്‌ അനന്തുമണി. 

ആര്‍.എല്‍.വി ഗോപിയെന്ന കഥകളിയാശാന്റെ വീട്ടില്‍ ചിട്ടി പിരിക്കാന്‍ എത്തിയിരുന്ന ശോഭ ആശാന്‍ വീട്ടില്‍ കുട്ടികള്‍ക്ക്‌ കഥകളിയുടെ ചൊല്ല്‌ പറഞ്ഞ്‌ കൊടുക്കുന്നത്‌ താല്‌പര്യത്തോടെ നോക്കിയിരിക്കുമായിരുന്നു. ഒരിക്കല്‍ മടിയോടെ അവള്‍ ആഗ്രഹം പറഞ്ഞു, മകനെ കഥകളിക്കാരന്‍ ആക്കണമെന്നാണ്‌ ആഗ്രഹം, എന്നാലും കഥകളി വേണ്ട, ചെണ്ടയോ മറ്റോ പഠിപ്പിച്ചാല്‍ മതിയെന്നേ ശോഭ പറഞ്ഞുള്ളൂ. കലയുണ്ടെങ്കില്‍ അവനെ കഥകളി തന്നെ പഠിപ്പിക്കാമെന്നായി ആശാന്‍. കാലം മാറിയിട്ടും കഥകളി സവര്‍ണ കലയായി തുടരുമ്പോഴാണ്‌ ഗോപിയാശാന്‍ ഇത്തരം ഒരു ഉറച്ച നീക്കം നടത്തിയത്‌. 

പത്താം വയസ്സില്‍ പഠനം തുടങ്ങിയ അനന്തു മുദ്രകളും മുഖാഭിനയവുമായി ആശാന്റെ പ്രിയ ശിഷ്യനായി മാറിയത്‌ കഥകളിയുടെ വൈഭവത്തിലൂടെയാണ്‌. ഇവനിലൂടെ തന്റെ കലയുടെ പകര്‍ന്നാട്ടം തുടരാമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഗുരു ആര്‍.എല്‍.വി. ഗോപി പറയുമ്പോള്‍ കണ്‍കോണുകളില്‍ പ്രതീക്ഷയുടെ സന്തോഷാശ്രുക്കള്‍. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി അനന്തു കഥകളി പഠിക്കുന്നുണ്ടെങ്കിലും ആദ്യമായാണ്‌ മത്സരവേദിയില്‍ എത്തുന്നത്‌. പണച്ചെലവു തന്നെയാണ്‌ അതിനു കാരണം. ഇത്തവണ പത്താം ക്ലാസിലായതു കൊണ്ടാണ്‌ യുവജനോത്സവ വേദിയില്‍ എത്തിയത്‌. കാഞ്ഞിരമറ്റം സെന്റ്‌ ഗ്രെയ്‌സ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അനന്തുവിന്‌ സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന്‌ നല്‌കിയ സാമ്പത്തികസഹായത്തോടെയാണ്‌ കലോത്സവ വേദിയില്‍ മാറ്റുരയ്‌ക്കാന്‍ കഴിഞ്ഞത്‌. 2010-11 യിലെ കേന്ദ്ര ഗവണ്‍മെന്റ്‌ സ്‌കോളര്‍ഷിപ്പും കിട്ടി അനന്തുവിന്‌.

കഥകളിയെ ഇപ്പോള്‍ അനന്തു അകമഴിഞ്ഞ്‌ സ്‌നേഹിക്കുകയാണ്‌. അമ്മ ശോഭ എന്ന കൗമാരക്കാരിയുടെ കൗതുകത്തിന്‌ അപ്പുറത്തേയ്‌ക്ക്‌. കഥകളിയെന്ന കല കടല്‍ പോലെ വിശാലമാണ്‌. ഒരായുസിന്റെ പാതി നല്‌കിയാലാണ്‌ ഒരാള്‍ നല്ല കഥകളി നടനാവുന്നത്‌. നീണ്ട പത്തു വര്‍ഷങ്ങള്‍ വേണം ഈ കലയുടെ അടിസ്ഥാന പാഠങ്ങളില്‍ അറിയണമെങ്കില്‍ പോലും. 

യുവജനോത്സവ വേദിയില്‍ ഒന്നോ രണ്ടോ വേഷങ്ങള്‍, പിന്നെ ഗ്രേയ്‌സ്‌ മാര്‍ക്ക്‌ വാങ്ങി കലയോട്‌ വിടവാങ്ങാനല്ല, ശരിക്കും കലാകാരനാകുവാനാണ്‌ അനന്തു കഥകളി പഠിക്കുന്നത്‌. നെയ്‌പുറപ്പാടും ഉഴിച്ചിലും മുദ്രകളും മുഖാഭിനയവും ചൊല്ലിയാട്ടവുമായി കഥകളി ചിട്ടയില്‍ പഠിച്ച്‌ മുന്നേറുമ്പോള്‍ കഥകളി വെറും കുട്ടിക്കളിയല്ല കൗമാരം വിട്ടുമാറാത്ത അനന്തുവിന്‌. കലയുടെ രുചിയും ഗന്ധവും അവനെ ത്രസിപ്പിച്ചു തുടങ്ങിയിരിക്കുന്നു.