Breaking News

Trending right now:
Description
 
Mar 19, 2018

മോദി നല്‍കിയത്‌ വാഗ്‌ദാനങ്ങള്‍ മാത്രമെന്ന്‌ രാഹുല്‍

image ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വാഗ്‌ദാനങ്ങള്‍ നിരത്തിയും ബിജെപിയെ വെല്ലുവിളിച്ചും എഐസിസി പ്ലീനറി സമ്മേളനത്തിന്റെ സമാപനത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നരേന്ദ്രമോദി എന്ന പേര്‌ അഴിമതിയുടെ പര്യായമായിമാറിയിരിക്കുകയാണ്‌. പൊള്ളയായ വാഗ്‌ദാനങ്ങള്‍ യുവാക്കള്‍ക്ക്‌ നല്‍കി മോദി പുകമറസൃഷ്ടിക്കുകയായിരുന്നു. രാജ്യത്തു കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍ മോദി ഇന്ത്യാ ഗേറ്റില്‍ യോഗാഭ്യാസം നടത്തുകയാണ്‌. ജിഎസ്‌ടി, നോട്ട്‌ നിരോധനം ഉള്‍പ്പെടെയുള്ള തെറ്റുകള്‍ വരുത്തിയിട്ടും അതു തിരുത്താന്‍ മോദി തയാറല്ല. ഓരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപവീതംവരുമെന്നു ജനങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷനാണെന്നു അദ്ദേഹം സ്വയം കരുതുകയാണ്‌. ബിജെപിയുടെ അധ്യക്ഷപദം അലങ്കരിക്കുന്നയാള്‍ കൊലപാതകിയാണെന്നും രാഹുല്‍ തുറന്നടിച്ചു. ഭരണത്തിന്റെ അവസാനവര്‍ഷങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ യുപിഎ സര്‍ക്കാരിനായില്ല. തെറ്റുകളില്‍നിന്നു പാഠം ഉല്‍ക്കൊണ്ടു മുന്നോട്ടുപോകും. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ടിയില്‍ മാറ്റംവരുത്തും. തൊഴിലില്ലായ്‌മയില്‍നിന്നു യുവാക്കളെ കരകയറ്റുകതന്നെ ചെയ്യും. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കായി ചോരയും വിയര്‍പ്പും നല്‍കുന്ന കര്‍ഷകര്‍ക്ക്‌ കോണ്‍ഗ്രസ്‌ കൈത്താങ്ങാകും. ബിജെപി സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷത്തിനു വിരാമമാകും തുടങ്ങിയവയും രാഹുല്‍ പ്രഖ്യാപിച്ചു. ബിജെപിയെ അധികാരമത്തുപിടിച്ച കൗരവരോടും കോണ്‍ഗ്രസിനെ സത്യത്തിനുവേണ്ടി പോരാടുന്ന പാണ്ഡവരോടും ഉപമിക്കാനും രാഹുല്‍ മറന്നില്ല.