Breaking News

Trending right now:
Description
 
Mar 18, 2018

മാണിയെ എന്‍ഡിഎയിലേക്കു സ്വാഗതം ചെയ്‌ത്‌ കുമ്മനം

image കേരളാ കോണ്‍ഗ്രസ്‌ എമ്മിനെ എന്‍ഡിഎയിലേക്ക്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്‌തു. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുമ്പിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്‌. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ആലോചിച്ചു തീരുമാനം എടുക്കുമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ (എം) നിര്‍ണായക സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗം ഞായറാഴ്‌ച കോട്ടയത്തു നടക്കാനിരിക്കെയാണ്‌. യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ചു ചര്‍ച്ചയുണ്ടായേക്കും. സ്‌റ്റീയറിങ്‌ കമ്മിറ്റിയോഗം കോട്ടയത്തു നടക്കാനിരിക്കെ ശനിയാഴ്‌ച ബിജെപി നേതാക്കള്‍ മാണിയുടെ പാലായിലെ വസതിയിലെത്തി രഹസ്യ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്‌ണദാസ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ജയസൂര്യന്‍ എന്നിവരാണ്‌ മാണിയുമായി ചര്‍ച്ച നടത്തിയത്‌. ചര്‍ച്ച ഒരുമണിക്കൂര്‍ നീണ്ടുനിന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ സ്റ്റിയറിങ്‌ കമ്മിറ്റിയില്‍ തീരുമാനമുണ്ടായേക്കുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ ബിജെപി നേതാക്കള്‍ മാണിയെ സന്ദര്‍ശിച്ചത്‌. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടു ചെയ്യാന്‍ യോഗത്തില്‍ അണികള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നാണ്‌ സൂചന. ആര്‍ക്കെങ്കിലും പിന്തുണ പ്രഖ്യാപിക്കുകയും അവര്‍ പരാജയപ്പെടുകയും ചെയ്‌താല്‍ തുടര്‍നീക്കം പാളുമെന്ന വിലയിരുത്തലിലാണ്‌ മനസാക്ഷി വോട്ടിലേക്കു പാര്‍ട്ടിയുടെ നീക്കം. ചെങ്ങന്നൂരില്‍ ചെറുതല്ലാത്ത സ്വാധീനമുള്ള ബിഡിജെഎസ്‌ എന്‍ഡിഎയുമായി ഉടക്കി നില്‍ക്കുന്നതിനാലാണ്‌ മാണിയുടെ സഹായം തേടാന്‍ ബിജെപിനേതാക്കള്‍ രംഗത്തുവന്നത്‌.