Breaking News

Trending right now:
Description
 
Mar 18, 2018

ബിജെപിക്കെതിരെ മഹാസഖ്യത്തിന്‌ കോണ്‍ഗ്രസിന്റെ പടയൊരുക്കം

image ബിജെപിക്കെതിരെ വിശാലസഖ്യത്തിനു കളമൊരുക്കി കോണ്‍ഗ്രസ്‌ പടയൊരുക്കത്തിനു തുടക്കം കുറിച്ചു. സമാനചിന്താഗതിയുള്ള രാഷ്ട്രീയ കക്ഷികളുമായി ഒന്നുച്ചുനിന്നു അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ്‌ പ്രധാന ലക്ഷ്യം. ന്യൂഡല്‍ഹിയില്‍ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തില്‍ ഇക്കാര്യം അംഗങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചു. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ മറ്റു പാര്‍ട്ടികളുമായി സഹകരിക്കുന്ന പ്രായോഗിക സമീപനമാണ്‌ സ്വീകരിക്കുകയെന്നു സമ്മേളനം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഭരണകൂട ഭീകരതയും അഴിമതിയും അഹങ്കാരവും അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനു തയാറെടുക്കാനും ത്യാഗങ്ങള്‍ക്കു സന്നദ്ധരാകാനും സ്ഥാനമൊഴിഞ്ഞ അധ്യക്ഷ സോണിയ ഗാന്ധി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്‌തു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനു ബിജെപി ഊന്നല്‍ നല്‍കുന്നതിനാല്‍ കാര്‍ഷിക ദുരവസ്ഥയും തൊഴിലില്ലായ്‌മയും അടക്കമുള്ള മുഖ്യപ്രശ്‌നങ്ങളില്‍ ശ്രദ്ധചെലുത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിയില്ലെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷനായി ചുമതലയേറ്റേശേഷം നടക്കുന്ന ആദ്യ രാഹുല്‍ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പുകലുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ക്കു പകരം പഴയ കടലാസ്‌ ബാലറ്റ്‌ പുനസ്ഥാപിക്കണമെന്നു കോണ്‍ഗ്രസ്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനവിധിയില്‍ തിരിമറി നടത്തുന്നതിനായി വോട്ടിങ്‌ യന്ത്രങ്ങള്‍ ദുരുപയോഗപ്പെടുന്നുവെന്നു പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും ആശങ്കയുണ്ട്‌. വോട്ടെടുപ്പും വോട്ടെണ്ണലും നീതിപൂര്‍വവും സുതാര്യവുമായി നടത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‌ ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും യോഗം വ്യക്തമാക്കി. ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിനു സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ആന്ധ്രായ്‌ക്കു പ്രത്യേക പദവിയെന്ന ആവശ്യത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കുമെന്നു രാഷ്ട്രീയകാര്യ പ്രമേയം അവതരിപ്പിച്ച ലോക്‌സഭാകക്ഷിനേതാവ്‌ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.