Breaking News

Trending right now:
Description
 
Mar 17, 2018

നോവലിസ്‌റ്റ്‌ എം.സുകുമാരന്‍ അന്തരിച്ചു

image നോവലിസ്‌റ്റും കഥാകൃത്തുമായ എം.സുകുമാരന്‍ (75) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം. ഒരാഴ്‌ചമുമ്പ്‌ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്ററി ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. വിശ്രമത്തിലിരിക്കെയാണ്‌ ന്യൂമോണിയ പിടിപെട്ട്‌ വീണ്ടും ആശുപത്രിയില്‍ എത്തിച്ചതും വെള്ളിയാഴ്‌ച രാത്രി മരിച്ചതും. വിപ്ലവരാഷ്ട്രീയ മൂല്യങ്ങള്‍ക്കു രചനകളില്‍ സ്ഥാനം നല്‍കിയിരുന്ന അദ്ദേഹം കുറേനാളായി എഴുത്തുകളില്‍നിന്നു ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ എന്നിവയും ലഭിച്ചു. മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങള്‍, ചുവന്ന ചിഹ്നങ്ങള്‍ എന്നീ കഥാ സമാഹാരങ്ങള്‍ക്കാണ്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചത്‌. പിതൃതര്‍പ്പണം എന്ന കഥയ്‌ക്ക്‌ പി.പത്മരാജന്‍ പുരസ്‌കാരം ലഭിച്ചു. ജനിതകം, പാറ, അഴിമുഖം എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്‌. അസുരസങ്കീര്‍ത്തനം, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്‌ ചരിത്രഗാഥ തുടങ്ങിയവ പ്രധാന കഥാസമാഹാരങ്ങളാണ്‌. ഉണര്‍ത്തുപാട്ട്‌, സംഘഗാനം എന്നീ കഥകള്‍ ചലച്ചിത്രങ്ങളായി. 1943-ല്‍ പാലാക്കാട്‌ ജില്ലയിലെ ചിറ്റൂരിലാണ്‌ എം.സുകുമാരന്റെ ജനനം. നാരായണ മന്നാടിയാരും മീനാക്ഷിയമ്മയുമാണ്‌ മാതാപിതാക്കള്‍. മീനാക്ഷിയാണ്‌ ഭാര്യ.