Breaking News

Trending right now:
Description
 
Mar 17, 2018

ടിഡിപി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

image നരേന്ദ്‌മോദി സര്‍ക്കാരിനെ വെട്ടിലാക്കി ചന്ദ്രബാബു നായിഡിന്റെ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിട്ടു. മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിനൊപ്പം ടിഡിപി ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നുവെങ്കിലും സ്‌പീക്കര്‍ അനുമതി നല്‍കിയില്ല. ആന്ധ്രയ്‌ക്കു പ്രത്യേക സംസ്ഥാനപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞദിവസം അവിശ്വാസ നോട്ടീസ്‌ നല്‍കിയതോടെയാണ്‌ അടിയന്തര നടപടിയെടുക്കാന്‍ ടിഡിപി നിര്‍ബന്ധിതമായത്‌. കഴിഞ്ഞ ആഴ്‌ച മോദി മന്ത്രിസഭയില്‍നിന്നു രണ്ടു മന്ത്രിമാരെയും ടിഡിപി പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുന്നതായി ഇന്നലെ രാവിലെ പ്രഖ്യാപിച്ചത്‌.

മോദി സര്‍ക്കാരും ബിജെപിയും പയറ്റിയ സമ്മര്‍ദ തന്ത്രങ്ങളും അനുരഞ്‌ജനശ്രമങ്ങളും ചന്ദ്രബാബു നായിഡു തള്ളി. പുതിയ സംഭവവികാസങ്ങള്‍ കേന്ദ്രസര്‍ക്കാരിനു ഭീഷണിയല്ലെങ്കിലും ടിഡിപി വിട്ടത്‌ എന്‍ഡിഎയ്‌ക്ക്‌ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്‌. സഖ്യകക്ഷികളില്‍ പ്രബലരായ ശിവസേന ഇതിനോടകംതന്നെ എന്‍ഡിഎയുമായും ബിജെപിയുമായും അകല്‍ച്ചയിലാണ്‌. ടിഡിപിയുടെ പുതിയ തീരുമാനത്തെ ശിവസേനയും തൃണമൂല്‍കോണ്‍ഗ്രസും സ്വാഗതം ചെയ്‌തു. ലോക്‌സഭയില്‍ ടിഡിപിക്കു 16 എംപിമാരുണ്ട്‌. ബിജെപിക്കു തന്നെ 274 എംപിമാരുടെ പിന്തുണയുള്ളതുകൊണ്ട്‌ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ ഭീഷണിയിലല്ല. എന്നാല്‍, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മാറിമറിയുന്ന രാഷ്ട്രീയ സമവാക്യത്തിലേക്കാണ്‌ ടിഡിപി വിരല്‍ചൂണ്ടുന്നത്‌.