Breaking News

Trending right now:
Description
 
Mar 13, 2018

ജോയി ടി.ഇട്ടന്‍ ഫൊക്കാന നാഷനല്‍ കമ്മിറ്റിയിലേക്ക്‌

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂയോര്‍ക്ക്‌: ഫൊക്കാന നാഷനല്‍ കമ്മിറ്റി അംഗമായി സീനിയര്‍ നേതാവ്‌ ജോയി ടി.ഇട്ടന്‍ മത്സരിക്കുന്നു. നിലവില്‍ ഫൊക്കാനയുടെ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റാണ്‌. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളാണ്‌. ഫൊക്കാനയില്‍ ദേശീയ തലത്തില്‍ നിരവധി പദവികള്‍ അലങ്കരിച്ച ജോയി ഇട്ടന്റെ സാന്നിധ്യം അടുത്ത ദേശീയ കമ്മിറ്റിയിലും അനിവാര്യമാണെന്നു കണ്ടാണ്‌ അദ്ദേഹത്തെ ദേശീയ കമ്മിറ്റിയിലേക്ക്‌ മത്സരിപ്പിക്കാന്‍ മുതിര്‍ന്ന ഫൊക്കാന നേതാക്കള്‍ താല്‍പര്യംകാട്ടിയത്‌. ഫൊക്കാനയുടെ 2014-2016 കമ്മിറ്റിയില്‍ നാഷനല്‍ ട്രഷറര്‍ ആയിരുന്നു. 2012-2014-ല്‍ ദേശീയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ തുടര്‍ച്ചയായി ദേശീയ തലത്തില്‍ വിവിധ ഭാരവാഹിത്വം വഹിച്ചുവരുന്നു.2012ല്‍ ഹ്യൂസ്റ്റണ്‍ കോണ്‍വെന്‍ഷന്റെ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു. 2014-ല്‍ ചിക്കാഗോയില്‍നടന്ന കോണ്‍വെന്‍ഷന്റെ ദേശീയ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. നിലവില്‍ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയര്‍മാനാണ്‌ ജോയി ടി.ഇട്ടന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ കാരുണ്യപ്രവര്‍ത്തികളാണ്‌ നടന്നുവരുന്നത്‌. കേരളത്തില്‍ നിര്‍ധനരായ നാല്‌ കുടുംബങ്ങള്‍ക്ക്‌ വീട്‌ വച്ചുനല്‍കാനും ജോയി ടി.ഇട്ടന്‍ ചെയര്‍മാനായ ചാരിറ്റി കമ്മിറ്റിക്കു സാധിച്ചു. ഇത്തരത്തില്‍ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ദാനം ഏപ്രില്‍മാസത്തില്‍ നടക്കും.

കഴിഞ്ഞ നാലുവര്‍ഷമായി സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭ അമേരിക്കന്‍-കാനഡ ഭദ്രാസനം കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജോയി ടി.ഇട്ടന്‍ വല്‍ഹാല സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളി ട്രസ്റ്റികൂടിയാണ്‌. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ട്രഷറര്‍, എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ന്യുയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ ചാപ്‌റ്റര്‍ പ്രസിഡന്റാണ്‌. നേരത്തെ സെക്രട്ടറിയായും ചുമതലവഹിച്ചിരുന്നു. 1990ല്‍ എല്‍എല്‍ബിക്ക്‌ പഠിച്ചുകൊണ്ടിരിക്കെയാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജില്‍നിന്നാണ്‌ ബിഎസ്‌ സി ബിരുദമെടുത്തത്‌. പിന്നീട്‌ സോസിയോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി.ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ അക്കൗണ്ടന്റ്‌ ആയി 15വര്‍ഷം ജോലി ചെയ്‌തു. പിന്നീട്‌ ബിസിനസ്‌ രംഗത്തേക്ക്‌ ചുവടുമാറ്റി. ഭാര്‌ ജെസി ഇട്ടന്‍ വെസ്റ്റ്‌ ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു. അറ്റോര്‍ണി ആയ ആന്‍ മേരി ഇട്ടന്‍, കൊളംബിയ യൂണിവേഴസിറ്റിയില്‍ മാസ്‌റ്റേഴ്‌സ്‌ വിദ്യാര്‍ഥിയായ എലിസബത്ത്‌ ഇട്ടന്‍, ബിഹാംപ്‌ടണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ജോര്‍ജ്‌ ഇമ്മാനുവേല്‍ എന്നിവര്‍ മക്കളാണ്‌. മൂവാറ്റുപുഴ ഊരമന പാടിയേടത്തു പരേതനായ ടി.വി.ഇട്ടന്‍പിള്ളയുടെയും പരേതയായ ഏലിയാമ്മയുടെയും അഞ്ചുമക്കളില്‍ നാലാമനാണ്‌ ജോയി ടി.ഇട്ടന്‍.