Breaking News

Trending right now:
Description
 
Mar 13, 2018

കര്‍ഷകസമരത്തിനു മുമ്പില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി

image കാര്‍ഷിക കടം എഴുതിതള്ളുക, വനഭൂമി കര്‍ഷകര്‍ക്കു കൈമാറുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിനു മുമ്പില്‍ മഹാരാഷ്ട്ര ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം മുഖ്യമന്ത്രി ദേവേന്ദ്ര ഹഡ്‌നാവിസ്‌ രേഖാമൂലം ഉറപ്പുനല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ രണ്ടുമാസംകൊണ്ട്‌ പരിഹരിക്കുമെന്നാണ്‌ കര്‍ഷകര്‍ക്കു ലഭിച്ചിരിക്കുന്ന ഉറപ്പ്‌. സര്‍ക്കാരിനെ പിടിച്ചുലയ്‌ക്കുകയും കര്‍ഷകപ്രശ്‌നങ്ങളില്‍ രാജ്യാന്തരതലത്തില്‍വരെ ചര്‍ച്ചകള്‍ക്കു വഴിതുറക്കുകയും ചെയ്‌ത 'ലോങ്‌ മാര്‍ച്ചി'നൊടുവില്‍ സമരനേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. സര്‍ക്കാരിന്റെ ഉറപ്പുലഭിച്ചതായി നേതാക്കള്‍ അറിയിച്ചതോടെ കര്‍ഷകര്‍ ഗ്രാമങ്ങളിലേക്കു മടങ്ങി. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള 30,000ലേറെ കര്‍ഷകരാണ്‌ മഹാരാഷ്ട്ര നിയമസഭാമന്ദിരം ഉപരോധിക്കാന്‍ എത്തിയത്‌. കര്‍ഷക സമരത്തിനു പ്രമുഖ പാര്‍ട്ടികളുടെയെല്ലാം പിന്തുണ ലഭിച്ചതോടെ ബിജെപി ഏറെക്കുറെ ഒറ്റപ്പെട്ടു. ഭരണത്തില്‍ സഖ്യകക്ഷിയായ ശിവസേനയും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായും ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വനഭൂമി കൈമാറുന്ന കാര്യം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്നും മറ്റു ആവശ്യങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിമാരും സമരനേതാക്കളും ഉള്‍പ്പെട്ട സമിക്കു രൂപം നല്‍കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഹഡ്‌നാവിസ്‌ പിന്നീട്‌ വ്യക്തമാക്കി.