Breaking News

Trending right now:
Description
 
Mar 12, 2018

വി.മുരളീധരന്‍ രാജ്യസഭയിലേക്ക്‌; തുഷാറിനെ തള്ളി

image കേരള ബിജെപി മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍നിന്നും രാജ്യസഭയിലേക്കു മത്സരിക്കും. ബിഡിജെഎസ്‌ നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കിയാണ്‌ മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്‌. 18 രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. ഇതില്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ്‌ ജി.വി.എല്‍.നരസിംഹറാവു ഉള്‍പ്പെടെ എട്ടുപേര്‍ പുതുമുഖങ്ങളാണ്‌. ഉത്തര്‍പ്രദേശില്‍നിന്നാണ്‌ ജി.വി.എല്‍.നരസിംഹറാവു മത്സരിക്കുന്നത്‌. എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ കര്‍ണാടകയില്‍നിന്നു ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിക്കും. നിലവില്‍ രാജ്യസഭയില്‍ സ്വതന്ത്ര അംഗമാണ്‌ ഇദ്ദേഹം. തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്‌ വി.മുരളീധരന്‌ രാജ്യസഭാ ടിക്കറ്റ്‌ നല്‍കിയത്‌. രാഷ്ട്രീയ പരിചയസമ്പത്തിനു പുറമേ സാമുദായിക പരിഗണനയും മുരളീധരന്‌ അനുകൂലഘടകമായി. തുഷാര്‍ വെള്ളാപള്ളിയെ ബിജെപി ദേശീയ നേതൃത്വം തഴഞ്ഞതോടെ ബിഡിജെഎസ്‌ എന്‍ഡിഎയില്‍നിന്നു പടിയിറങ്ങുമെന്നാണ്‌ സൂചന. കേരളത്തില്‍നിന്നുള്ള മൂന്നാമത്തെ അംഗമായാണ്‌ വി.മുരളീധരന്‍ രാജ്യസഭയിലേക്ക്‌ എത്തുന്നത്‌. നേരത്തെ നടന്‍ സുരേഷ്‌ ഗോപിയും അല്‍ഫോന്‍സ്‌ കണ്ണന്താനവും ബിജെപി ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിയിരുന്നു.