Breaking News

Trending right now:
Description
 
Mar 12, 2018

കൊരങ്ങിണി വനമേഖലയിലെ കാട്ടുതീയില്‍ 10 പേര്‍ വെന്തുമരിച്ചു

image കേരളാ-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പെട്ട്‌ 37 അംഗ വനയാത്രാസംഘത്തിലെ 10പേര്‍ വെന്തുമരിച്ചതായി റിപ്പോര്‍ട്ട്‌.. മരിച്ചവരില്‍ അഞ്ചുസ്‌ത്രീകളുമുണ്ട്‌. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പെള്ളലേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്‌. തേനിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയിലുള്ള ഇവര്‍ക്ക്‌ 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്‌. വനത്തിനുള്ളില്‍ അകപ്പെട്ട നാലു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്‌. ചെന്നൈ ട്രക്കിങ്‌ ക്ലബില്‍നിന്നുള്ള 24 പേരും തിരുപ്പൂര്‍ മേഖലയിലെ 13 പേരുമടക്കം 37 പേര്‍ ഞായറാഴ്‌ച രാവിലെയാണ്‌ വനയാത്രയ്‌ക്കു പോയത്‌. 26 സ്‌ത്രീകളും എട്ടുപുരുഷന്മാരും മൂന്നുകുട്ടികളും അടങ്ങുന്ന സംഘം കൊരങ്ങിണിയിലെത്തി രണ്ടായി തിരിഞ്ഞ്‌ വനമേഖലയിലേക്കു പ്രവേശിക്കുകയായിരുന്നു. സംഘത്തോടൊപ്പം ഒരുവഴികാട്ടിയുമുണ്ടായിരുന്നു. മൂന്നുമണിയോടെ കാട്ടുതീ പടര്‍ന്നുപിടിച്ചു. ഇതുകണ്ട്‌ സംഘം ചിതറിയോടി. പലര്‍ക്കും വഴിതെറ്റി. വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും എത്തിയാണ്‌ പൊള്ളലേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്‌. രാത്രി ഏഴുമണിയോടെ കാട്ടുതീ ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായി. വ്യോമസേനയുടെ രണ്ടു ഹെലികോപ്‌റ്ററുകളും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തി. വനയാത്രാ സംഘത്തില്‍ മലയാളികള്‍ ഉള്ളതായി സംശയമുണ്ട്‌. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ്‌ കരുതുന്നത്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ കേരളത്തില്‍നിന്നുള്ള വനവകുപ്പ്‌ ഉദ്യോഗസ്ഥരും തേനിയില്‍ എത്തിയിട്ടുണ്ട്‌. അടിയന്തര നടപടി സ്വീകരിക്കാന്‍ വ്യോമസേനയ്‌ക്ക്‌ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി.