Breaking News

Trending right now:
Description
 
Mar 10, 2018

അപകടസാഹചര്യങ്ങള്‍ ഒഴിവാക്കാതെ ഹെല്‍മറ്റ്‌ വേട്ട നടത്തിയിട്ടു കാര്യമില്ല

image ആലപ്പുഴ: പട്ടണത്തില്‍ വാഹനാപകടങ്ങള്‍ കുറയ്‌ക്കണമെന്നു അധികൃതര്‍ക്കു ആത്മാര്‍ഥമായ താത്‌പര്യമുണ്ടെങ്കില്‍ അപകടസാഹചര്യങ്ങള്‍ ഒഴിവാക്കുകയും യഥാര്‍ഥത്തില്‍ അപകടകാരണമാകുന്ന ഡ്രൈവര്‍മാരെ അറസ്റ്റ്‌ ചെയ്യുകയുമാണു വേണ്ടതെന്നു വീലേഴ്‌സ്‌ കേരള. അല്ലാതെ ഹെല്‍മറ്റ്‌ വേട്ട നടത്തി മിതമായ വേഗത്തില്‍ മാനംമര്യാദയ്‌ക്കു പോകുന്ന ഇരുചക്രവാഹന യാത്രികരെ മാത്രം പിടികൂടി പീഡിപ്പിച്ചു സാമാന്യം വലിയ തുക പിഴയീടാക്കിക്കൊണ്ടിരുന്നാല്‍ വാഹനമിടിച്ചു വഴിയാത്രക്കാര്‍ മരിക്കുന്നതു ഉള്‍പ്പടെയുള്ള വന്‍ അപകടങ്ങള്‍ ഇല്ലാതാക്കാനാകില്ല. റോഡപകടങ്ങള്‍ക്കു ഹെല്‍മറ്റ്‌ അല്ല പരിഹാരം. ഹെല്‍മറ്റ്‌ വേട്ട എന്നതു വ്യാപകമായ പരാതിക്കിടയാക്കുന്നുണ്ടെന്നു ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ പിഴയടച്ചവര്‍ ആരുംതന്നെ അപകടത്തില്‍പ്പെട്ടിട്ടില്ല എന്നതാണ്‌ രസകരമായ വസ്‌തുത.

ഹെല്‍മറ്റ്‌ ധരിച്ച്‌ പൊതുജനമധ്യേ പിടിച്ചുപറിയും ആക്രമണങ്ങളും പീഡനവും നടത്തുന്നവരെ പൊലീസ്‌ ഒരിക്കലും പിടികൂടാറുമില്ല. കഴിഞ്ഞ പല വര്‍ഷങ്ങളായി ആലപ്പുഴ പട്ടണത്തില്‍ ഹെല്‍മറ്റ്‌ വച്ചു പെണ്‍കുട്ടികളെ വഴിയില്‍ പീഡിപ്പിച്ചിട്ടുള്ള ആരെയെങ്കിലും നിയമത്തിന്റെ മുന്നില്‍ എത്തിച്ചിട്ടുണ്ടോ എന്നു പൊലീസ്‌ വ്യക്തമാക്കണം. തലയില്‍ വച്ചാല്‍ മരണം ഒഴിവാകുമെന്നു ഒരു ഉറപ്പും ഹെല്‍മറ്റ്‌ നിര്‍മാതാക്കള്‍ നല്‌കുന്നില്ല എന്നതും മറ്റൊരുകാര്യം. അപകടത്തില്‍പ്പെടുന്നവരില്‍ നിന്നു കൃത്യമായി ഹെല്‍മറ്റ്‌ ഊരിയെടുക്കാനാകാത്തതും ഹെല്‍മറ്റ്‌ തകര്‍ന്നു പൊട്ടിപ്പൊളിഞ്ഞു കുത്തിക്കയറി രക്തസ്രാവമുണ്ടാകുന്നതും ദാരുണ അന്ത്യങ്ങളില്‍ എത്തിക്കാറുണ്ട്‌. പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലും ജംഗ്‌ഷനുകളിലും നിര്‍ത്തി യാത്രക്കാരെ കയറ്റുന്ന സംഘടിത ബസുകള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ പ്രാപ്‌തിയില്ലാത്തവരാണ്‌ അസംഘടിതരായ പാവം ഇരുചക്രവാഹയാത്രക്കാരുടെ മേല്‍ കുതിരകയറുന്നത്‌. വേനല്‍ക്കാലത്തെ പൊരിവെയിലില്‍ ഹെല്‍മറ്റും തലയില്‍ വച്ചു പോകുന്നവര്‍ക്കു വിവിധ രോഗങ്ങള്‍ വര്‍ധിക്കുന്നതായും ആശുപത്രികളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹെല്‍മറ്റ്‌ വയ്‌ക്കാത്തതാണ്‌ അപകട കാരണമെന്ന രീതിയിലുള്ള പ്രചാരണം നടത്തിയുള്ള പോലീസിന്റെ വേട്ട ഉടനേ അവസാനിപ്പിച്ചേ മതിയാകൂ.