Breaking News

Trending right now:
Description
 
Mar 10, 2018

ട്രംപ്‌-കിം കൂടിക്കാഴ്‌ച മേയില്‍

image മുഖാമുഖം കൂടിക്കാഴ്‌ച നടത്താനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നിന്റെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ സ്വീകരിച്ചു. ലോകത്തെ ആണവയുദ്ധ ഭീതിയിലാഴ്‌ത്തിയ രണ്ടു നേതാക്കളുടെ കൂടിക്കാഴ്‌ചയ്‌ക്കാണ്‌ ഇതോടെ വേദിയൊരുങ്ങുന്നത്‌. മേയ്‌മാസത്തോടെ കൂടിക്കാഴ്‌ച ഉണ്ടാകുമെന്നാണ്‌ സൂചന. കിമ്മുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ട്രംപ്‌ തയാറാണെന്ന വിവരം വൈറ്റ്‌ ഹൗസാണ്‌ പുറത്തുവിട്ടത്‌. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികളുടെ പേരില്‍ യുഎസ്‌ അടക്കമുള്ള ലോകരാജ്യങ്ങള്‍ അവര്‍ക്കെതിരെ കടുത്ത ഉപാധികള്‍ ഏര്‍പ്പെടുത്തിയിരുന്നു. അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ പതിറ്റാണ്ടുകളായി ആഗോള സമുഹത്തില്‍ ഒറ്റപ്പെട്ട ഉത്തരകൊറിയായുടെ ഭാവിക്കു നിര്‍ണായകമായ കൂടിക്കാഴ്‌ചയാവും ഇത്‌. ഭരണത്തിലിരിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ ഏകാധിപതിയും മുഖാമുഖം ഇരിക്കാന്‍പോകുന്നത്‌ ഇതാദ്യമാണ്‌. യുഎസിനെ അടക്കം ആക്രമിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു പലതവണ കിം വെല്ലുവിളി മുഴക്കിയിരുന്നു. ജപ്പാനു മുകളിലൂടെ ദക്ഷിണ ചൈനാ കടലിലേക്കു പലതവണ ഉത്തരകൊറിയ മിസൈലുകളും വിക്ഷേപിച്ചു. ലോകരാജ്യങ്ങളുടെ മുന്നറിയിപ്പു വകവയ്‌ക്കാതെ ആണവ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തു.