Breaking News

Trending right now:
Description
 
Mar 07, 2018

സജിമോന്‍ ആന്റണി ഫൊക്കാന ബാങ്ക്വറ്റ്‌ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഫിലാഡല്‍ഫിയയില്‍ ജൂലൈ 5,6,7 തിയതികളില്‍ നടക്കുന്ന ഫൊക്കാന നാഷനല്‍ കണ്‍വന്‍ഷന്റെ ബാങ്ക്വറ്റ്‌ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ആയി സജിമോന്‍ ആന്റണിയെ ചുമതലപ്പെടുത്തി. കഴിഞ്ഞദിവസം ഫിലാഡല്‍ഫിയയില്‍ കൂടിയ ഫൊക്കാന കണ്‍വന്‍ഷന്‍ ഉന്നതാധികാര കമ്മിറ്റി യോഗത്തിലാണ്‌ ഈ തീരുമാനം. ഫൊക്കാനയുടെ 2018-2020 തിരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനാര്‍ഥികൂടിയാണ്‌ സജിമോന്‍. ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, ഫൊക്കാന ചാരിറ്റി ചെയറും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗവുമായ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയ്‌ ഇട്ടന്‍, കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാധവന്‍ ബി.നായര്‍ തുടങ്ങിയവരും പങ്കെടുത്തു. കണ്‍വന്‍ഷന്റെ ഗ്രാന്റ്‌ ഫിനാലെയായ ബാങ്ക്വറ്റ്‌ സമ്മേളനത്തില്‍ അമേരിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള നിരവധി വ്യക്തികള്‍ പങ്കെടുക്കും. അവാര്‍ഡ്‌ദാനചടങ്ങ്‌, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, പുതിയ ദേശീയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം എന്നിവയുണ്ടാകും.

ന്യൂജേഴ്‌സിയിലെ ഈസ്‌റ്റ്‌ ഹാനോവറിലുള്ള നോവാര്‍ട്ടീസ്‌ ഇന്റര്‍നാഷനല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഗ്ലോബര്‍ ലീഡര്‍ ആയി അമേരിക്കയില്‍ എത്തിയ സജിമോന്‍ ആ പദവി രാജിവച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. പിന്നീട്‌ ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റ്‌, റിയല്‍ എസ്റ്റേറ്റ്‌ മേഖലകളിലും മികവ്‌ തെളിയിച്ച സജിമോന്‍ ഇപ്പോള്‍ കണ്‍സ്‌ട്രഷന്‍ മേഖലയിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌. എംഎസ്‌ബി ബില്‍ഡേഴ്‌സ്‌ എന്ന കണ്‍സ്‌ട്രക്ഷന്‍ സ്ഥാപനത്തിന്റെ ഉടമയാണ്‌. അഞ്ചുവര്‍ഷം മുമ്പ്‌ ന്യൂജേഴ്‌സിയില്‍ ആരംഭിച്ച മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയിലെ (മഞ്ച്‌) ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സ്ഥാപക അംഗവും സ്ഥാപക വൈസ്‌പ്രസിഡന്റുമായിരുന്നു.