Breaking News

Trending right now:
Description
 
Mar 06, 2018

കാണുന്നിടത്തെല്ലാം കുത്താനുള്ളതല്ല പാര്‍ട്ടിക്കൊടിയെന്ന്‌ മുഖ്യമന്ത്രി

image കാണുന്നിടത്തെല്ലാം നാട്ടാനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു പ്രസ്ഥാനത്തിന്റേതായാലും വിലപ്പെട്ട സ്വത്താണ്‌ കൊടി. പൊതുപ്രവര്‍ത്തകരായ ചിലര്‍ അത്‌ ഓരോസ്ഥലത്തും കൊണ്ടുപോയി നാട്ടുന്നത്‌ ശരിയല്ല. ഇത്‌ അവസാനിപ്പിക്കണം. പ്രവാസിയായ സുഗതന്‍ എന്നയാള്‍ പുനലൂരില്‍ വര്‍ക്ക്‌ഷോപ്പ്‌ ആരംഭിക്കാനാകാതെ ആത്മഹത്യചെയ്‌ത സംഭവത്തെക്കുറിച്ചുള്ള അടിയന്തര നോട്ടീസിനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായം തുടങ്ങുന്നവരെ തടസപ്പെടുത്താനായി കൊടിനാട്ടുന്നതും നോക്കുകൂലി വാങ്ങുന്നതും ഏതു പാര്‍ട്ടിയാണെങ്കിലും അവസാനിപ്പിച്ചേ തീരൂ. വ്യവസായം തുടങ്ങുമ്പോള്‍ പിന്തുണയും സഹായവുമാണു നല്‍കേണ്ടത്‌. എന്നാല്‍, തൊഴിലാളി സംഘടനയുടെ ആളുകളുമായി പ്രത്യക്ഷപ്പെടുന്ന ചിലര്‍ തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താന്‍ പറ്റൂ എന്നു ഭീഷണിപ്പെടുത്തുന്നുണ്ട്‌. തൊഴിലാളികളെ സപ്ലൈ ചെയ്യുന്നതു തൊഴിലാളി സംഘടനകളുടെ ജോലിയല്ല. തൊഴിലാളികള്‍ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവര്‍ ഇടപെട്ടാല്‍മതി. പ്രവാസികളായി മടങ്ങിവരുന്നവര്‍ക്ക്‌ ഇവിടെ വ്യവസായം തുടങ്ങാനുള്ള സാഹചര്യം ഒരുക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.