Mar 03, 2018
ഫാ.സേവ്യറിന്റെ സംസ്കാരം നടത്തി; കപ്യാര് അറസ്റ്റില്‍
മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച റെക്ടര്‍ ഫാ.സേവ്യര്‍
തേലക്കാട്ടിലിന്റെ സംസ്കാരം നടത്തി. ഇന്നു രാവിലെ 10നു പെരുമ്പാവൂര്‍
ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലായിരുന്നു
സംസ്കാരശുശ്രൂഷ. സമൂഹബലിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍
ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സഹായമെത്രാന്മാരായ മാര്‍
സെബാസ്റ്റിയന് എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍
സഹായമെത്രാന്‍ മാര്‍ തോമസ് ചക്യാത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ്
മനത്തോടത്ത് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. അതേസമയം, ഫാ.സേവ്യര്‍
തേലക്കാട്ടിലിനെ കൊലപ്പെടുത്തിയശേഷം വനത്തിലേക്ക് രക്ഷപ്പെട്ട മുന്‍
കപ്യാര് മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിയെ (60) വെള്ളിയാഴ്ച പൊലീസ്
അറസ്റ്റു ചെയ്തു. ഒരുദിവസം രാത്രിയും പകലും ജോണില്‍ കാട്ടില്‍തന്നെ
കഴിയുകയായിരുന്നു. പിടികൂടുമ്പോള്‍ ഷര്‍ട്ടും അടിവസ്ത്രവും മാത്രമേ
ഉണ്ടായിരുന്നുള്ളൂ. കാവിമുണ്ട് മരത്തില്‍ കെട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമം
നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് ജോണി പൊലീസിനു മൊഴിനല്‍കി. കപ്യാര്
ജോലിയില്‍നിന്നു മാറ്റി നിര്‍ത്തിയതിന്റെ വിരോധത്താലാണ് ആക്രമണം.
കുത്താന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുന്നു പൊലീസ് കണ്ടെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്കു 12മണിയോടെ കുരിശുമുടി ഇറങ്ങിവരുന്നതിനിടെയാണ്
ഫാ.സേവ്യര്‍ ആക്രമിക്കപ്പെട്ടത്. നാട്ടുകാര്‍ ചുമന്നു താഴ് വാരത്ത്
എത്തിച്ചശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍
കഴിഞ്ഞില്ല. ഇടതുതുടയിലേറ്റ ആഴത്തിലുള്ള മുറിവില്‍നിന്നു
രക്തംവാര്ന്നുപോയതാണ് മരണകാരണമായത്.