Breaking News

Trending right now:
Description
 
Feb 27, 2018

ഏറ്റുമാനൂര്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്ന യുവാവ്‌ രക്ഷപ്പെട്ടത്‌ സാഹസികമായി

image ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുദിവസമായ തിങ്കളാഴ്‌ച പുലര്‍ച്ചെ ആന ഇടഞ്ഞു. പാപ്പാനെ പനമ്പട്ടയ്‌ക്കു അടിച്ചുവീഴ്‌ത്തിയ ആന മൂന്നുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരക്കില്‍പെട്ട്‌ കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക്‌ പരുക്കേറ്റു. ആനപ്പുറത്തു മുത്തുക്കുട പിടിച്ച്‌ ഇരിക്കുകയായിരുന്ന കൊച്ചി വൈറ്റില പുളിപറമ്പില്‍ പ്രബിന്‍ ബാബുവിനെ (17) അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ക്ഷേത്രമുറ്റത്തെ കല്യാണ മണ്ഡപത്തിനടുത്തായിരുന്നു സംഭവം. ഇടഞ്ഞ ആന പ്രബിനെ കുലുക്കി താഴെയിടാന്‍ ശ്രമിച്ചു. ആനയുടെ കഴുത്തിലെ കയറില്‍ മുറുകെപ്പിടിച്ചു കുനിഞ്ഞുകിടക്കുകയായിരുന്നു പ്രബിന്‍. 45 മിനിട്ടോളം ഇടഞ്ഞ ആനയുടെ പുറത്ത്‌ മരണത്തിനും ജീവിതത്തിനും ഇടയിലെന്നോണം കയറില്‍പിടിച്ചു താഴെവീഴാത്തവിധം കിടന്നു. ഈസമയം അഗ്നിശമന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിന്റെ മുകളിലെത്തി വടം എറിഞ്ഞുകൊടുത്തു. ഇടഞ്ഞ ആനപ്പുറത്തു ഇരുന്നുകൊണ്ടുതന്നെ വടത്തില്‍ പിടിച്ച പ്രബിനെ മണ്ഡപത്തിനു മുകളിലേക്ക്‌ സാഹസികമായി വലിച്ചുയര്‍ത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വെറ്ററിനറി സര്‍ജന്‍ ഡോ.ശശിദേവ്‌ ആനയെ കുത്തിവച്ചു മയക്കി ചങ്ങലയിട്ടു ബന്ധിച്ചതോടെയാണ്‌ ഭക്തജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആശ്വാസമായത്‌. ആന ഇടഞ്ഞതോടെ മറ്റ്‌ ആനകളെ പാപ്പാന്മാര്‍ മാറ്റിയിരുന്നു.