Breaking News

Trending right now:
Description
 
Feb 24, 2018

വേദിയില്‍ മസിലുപിടുത്തം; കാനവും മാണിയും മിണ്ടാത്തതെന്തേയെന്നു കുറിപ്പടി

image തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളന വേദിയിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ കേരളാ കോണ്‍ഗ്രസ്‌ എം നേതാവ്‌ കെ.എം.മാണിയും സിപിഐ നേതാവ്‌ കാനം രാജേന്ദ്രനും പരസ്‌പരം മിണ്ടിയില്ല. മസിലുപിടിച്ച്‌ ഒരേ ഇരുപ്പായിരുന്നു. വേദിയില്‍ എസ്‌.രാമചന്ദ്രന്‍ പിള്ളയുടെ കസേരയ്‌ക്ക്‌ ഇരുവശങ്ങളിലുമായിരുന്നു ഇരുവരുടെയും സീറ്റ്‌. പരസ്‌പരം നോക്കാതെയും ഉരിയാടാതെയും രണ്ടുമണിക്കൂറാണ്‌ മാണിയും കാനവും ഇരുന്നത്‌. ഇതിനിടെ കാണികളിലൊരാള്‍ ഇരുവര്‍ക്കും ഒരു കുറിപ്പെഴുതിക്കൊടുത്തു. നിങ്ങള്‍ ഇങ്ങനെ ഒരുവേദിയില്‍ ഒരുമിച്ചിരുന്നിട്ടും പരസ്‌പരം സംസാരിക്കാത്തതെന്ത്‌? എന്നായിരുന്നു കുറിപ്പിലെ ചോദ്യം. കുറിപ്പുവായിച്ച രണ്ടുപേരും ചിരിച്ചു. കൈകൊടുത്തു പിന്നീട്‌ പിരിയുകയും ചെയ്‌തു. സെമിനാറിലെ മുഖ്യ പ്രഭാഷകരായിരുന്നു കാനവും മാണിയും. പ്രസംഗത്തില്‍ കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ഒരു കൊട്ടുകൊടുക്കാനും കാനം മറന്നില്ല. ഇടതുമുന്നണിക്ക്‌ ഒരു ദൗര്‍ബല്യവുമില്ലെന്നും വെറുതെ സെല്‍ഫ്‌ ഗോള്‍ അടിക്കരുതെന്നുമായിരുന്നു മാണിയെ വേദിയിലിരുത്തി കാനം പറഞ്ഞത്‌. ബദല്‍ നയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നവരെ കൂടെ കൂട്ടിയാല്‍ മതിയെന്നായിരുന്നു കാനം പറഞ്ഞുവച്ചത്‌. അഴിമതിയെ എതിര്‍ത്താണ്‌ എല്‍ഡിഎഫ്‌ അധികാരത്തിലെത്തിയതെന്നും ജനം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കാനം വ്യക്തമാക്കി. എന്നാല്‍ മാണി പ്രസംഗത്തില്‍ രാഷ്ട്രിയം ഒഴിവാക്കി. കൃഷി, തൊഴിലില്ലായ്‌മ, കടമെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ്‌ മാണി പ്രസംഗിച്ചത്‌.