Breaking News

Trending right now:
Description
 
Feb 22, 2018

താളമേള സംഗമങ്ങളുടെ വിസ്‌മയക്കോട്ട തീര്‍ത്ത്‌ സെന്റ്‌ ജോര്‍ജ്‌ വിന്‍സെന്റ്‌ ഡിപോള്‍ ധനസമാഹാരം

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ആസ്വാദക ഹൃദയങ്ങളെ തഴുകിത്തലോടി മനം കുളിര്‍പ്പിച്ച ഗാനമേള നവ്യാനുഭവമായി മാറി. സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ വാര്‍ഷിക ധനസമാഹരണവേളയോടനുബന്ധിച്ച്‌ ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തിലാണ്‌ ഗാനമേള സംഘടിപ്പിച്ചത്‌. കഴിഞ്ഞവര്‍ഷം രൂപീകരിച്ച സെന്റ്‌ ജോര്‍ജ്‌ പാറ്റേഴ്‌സണ്‍ ന്യൂജേഴ്‌സി ഗാനമേള (സഗപനിഗ) എന്ന ഗാനമേള ട്രൂപ്പാണ്‌ പ്രഫഷനല്‍ ട്രൂപ്പുകളെപ്പോലും വെല്ലുന്ന ലൈവ്‌ ഓര്‍ക്കസ്‌ട്ര അവതരിപ്പിച്ചത്‌. ഇതോടൊപ്പം ഇടവകയിലെ അംഗങ്ങളുടെ മക്കള്‍ പഠിക്കുന്ന വിവിധ ഡാന്‍സ്‌ സ്‌കൂളുകളുടെ സിനിമാറ്റിക്‌ ഡാന്‍സ്‌ ദൃശ്യവിസ്‌മയം ഒരുക്കി. ഗാനമേളയുടെ പരിശീലകനും ലീഡ്‌ വയലിനിസ്റ്റുമായ ജോര്‍ജ്‌ ദേവസി, ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ അമേരിക്കന്‍ പരിപാടികളില്‍ അദ്ദേഹത്തിന്റെ മനമറിഞ്ഞ്‌ വയലിനില്‍ വിസ്‌മയം തീര്‍ക്കുന്ന ഇടവകാംഗമാണ്‌. ജോര്‍ജ്‌ ദേവസിക്കൊപ്പം അതേ ട്രൂപ്പില്‍ തബല വായിക്കുന്ന സുഭാഷ്‌ കറിയില്‍, റോണി കുര്യന്‍ എന്നിവര്‍കൂടി ചേര്‍ന്നതോടെ അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച മലയാളികളുടെ ലൈവ്‌ ഓര്‍ക്കസ്‌ട്രാ ഗാനമേള ട്രൂപ്പ്‌ എന്ന തലത്തിലേക്ക്‌ സഗപനിഗ മാറിക്കഴിഞ്ഞു. ട്രൂപ്പിലെ അംഗമായ ആല്‍വിന്‍ ജോര്‍ജ്‌, നിഥിന്‍ ജോര്‍ജ്‌ എന്നിവരും വയലിന്‍ വായിക്കാന്‍ ഒപ്പമുണ്ട്‌. ആല്‍വിന്റെ ഇരട്ടസഹോദരങ്ങളില്‍ ഒരാളായ എയ്‌മി ജോര്‍ജ്‌ ലീഡ്‌ കീബോര്‍ഡും ജോര്‍ജിന്റെ മകന്‍ അല്‌ക്‌സ്‌ ജോര്‍ജ്‌, ഫെലിഷ്യ രാജു, നിഥിന്‍ ജോര്‍ജ്‌ എന്നിവര്‍ സപ്പോര്‍ട്ട്‌ കീ ബോര്‍ഡുകളും വായിച്ചു. ഇടവകയിലെ ഏറ്റവും മികച്ച യുവഗായകരായ അലക്‌സും മാര്‍ട്ടീനയും ഗ്രാമഫോണ്‍ എന്ന സിനിമയിലെ നിനക്കെന്റെ മനസിലെ.... എന്ന ഗാനം ആലപിച്ചു. ജെറിലൂയിസും പതിനാലുകാരന്‍ മകന്‍ ഷോണും ഗാനമാലപിച്ചു കൈയ്യടിവാങ്ങി. മേഴ്‌സികുര്യനും നിഖിലും, ഹെലനും രേശുവും, ഹെലനും മേഴ്‌സിയും, ദേവസിയും നിഖിലും, ആല്‍വിനും ഗീതുകുര്യനും, റോബി കുട്ടപ്പശേരിയും മകള്‍ രേശ്‌മയും എന്നിവര്‍ ചേര്‍ന്നും മാര്‍ട്ടീന, കുര്യന്‍ ആന്റണി, സോമി എന്നിവര്‍ ഒറ്റയ്‌ക്കും ആലപിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടി. പരിപാടി വികാരി ഫാ.ജേക്കബ്‌ ക്രിസ്റ്റി ഉദ്‌ഘാടനം ചെയ്‌തു. ഡിന്നറോടുകൂടിയാണ്‌ പരിപാടി സമാപിച്ചത്‌.