Breaking News

Trending right now:
Description
 
Feb 18, 2018

ആലപ്പുഴയില്‍ സിപിഎം-കെഎസ്‌ യു തെരുവുയുദ്ധം; നഗരത്തില്‍ ഇന്ന്‌ ഹര്‍ത്താല്‍

image ആലപ്പുഴയില്‍ കെഎസ്‌ യു സംസ്ഥാന സമര കാഹള റാലിക്കിടെ നഗരത്തില്‍ സിപിഎം-കെഎസ്‌ യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തെരുവുയുദ്ധത്തിലെത്തി. മണിക്കൂറുകളോളം നീണ്ട തെരുവുയുദ്ധത്തില്‍ നഗരം സ്‌തംഭിച്ചു. രാത്രിവൈകിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ നഗരത്തില്‍ കോണ്‍ഗ്രസ്‌ ഇന്ന്‌ ഉച്ചവരെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തുമെന്നു സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്‌. കല്ലേറിലും സംഘര്‍ഷത്തിലും കൊച്ചി മേയര്‍ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈഎസ്‌പി പി.വി.ബേബി എന്നിവര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കു പരുക്കേറ്റു. കൊടിക്കുന്നില്‍ സുരേഷ്‌ എംപി, കോണ്‍ഗ്രസ്‌ നേതാവ്‌ ബെന്നി ബഹനാന്‍ എന്നിവരുടെ കാറുകള്‍ ഉള്‍പ്പെടെ 10 വാഹനങ്ങള്‍ തകര്‍ത്തു. സിപിഎമ്മിന്റെ കൊടികളും കൊടിമരങ്ങളും തകര്‍ത്തു. വെള്ളക്കിണര്‍ ജംക്ഷനിലെ സിപിഎമ്മിന്റെ കൊടിത്തോരണങ്ങള്‍ കെഎസ്‌ യു പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്നു ആരോപിച്ച്‌ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌ യു പ്രവര്‍ത്തകര്‍വന്ന ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞതോടെയാണ്‌ പ്രശ്‌നങ്ങള്‍ക്കു തുടക്കം. സമീപത്തെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫിനു നേര്‍ക്കു കല്ലേറുണ്ടായി. സിപിഎം ഏരിയാക്കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡില്‍ ഒരുസംഘമാളുകള്‍ നീല പെയിന്റടിച്ചു. കെഎസ്‌ യുവിന്റെ കൊടികളും ബാനറുകളും ചിലയിടത്ത്‌ കൂട്ടിയിട്ട്‌ കത്തിച്ചു. സംസ്ഥാന സമ്മേളന വേദിയിലേക്കു സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറാന്‍ നടത്തിയ ശ്രമം പൊലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ മുല്ലയ്‌ക്കലില്‍ ഇരുകൂട്ടരും തമ്മില്‍ കല്ലേറുണ്ടായി. തെരുവുയുദ്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുനേരെ പൊലീസിന്‌ അവസാനം ലാത്തിവീശേണ്ടിവന്നു.