Breaking News

Trending right now:
Description
 
Feb 17, 2018

നീരവ്‌ മോദിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി

image പഞ്ചാബ്‌ നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) 11,400 കോടിയുടെ തിരിമറി നടത്തി രാജ്യംവിട്ട വജ്രവ്യാപാരി ഗുജറാത്തുകാരന്‍ നീരവ്‌ മോദിയെ കണ്ടെത്തുന്നതിന്‌ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. നീരവ്‌ മോദിയുടെയും ബന്ധുവും ബിസിനസ്‌ പങ്കാളിയുമായ മെഹൂല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയം ഒരുമാസത്തേക്കു സസ്‌പെന്‍ഡു ചെയ്‌തു. സമയപരിധിക്കുള്ളില്‍ ഇരുവരും ഇന്ത്യയിലേക്കു തിരിച്ചുവന്നില്ലെങ്കില്‍ പാസ്‌പോര്‍ട്ട്‌ റദ്ദാക്കും. ഇതോടെ നീരവ്‌ മോദിക്ക്‌ മറ്റൊരു രാജ്യത്തേക്കു സഞ്ചരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഏതുരാജ്യത്താണോ അവിടെനിന്നു പുറത്തുകടക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നീരവ്‌ മോദി എവിടെയാണെന്നു അറിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ ന്യൂയോര്‍ക്കില്‍ മന്‍ഹാറ്റനിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. നീരവിന്റെ അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ ആമി ജനുവരി ആറിന്‌ ഇന്ത്യവിട്ടിരുന്നു. ഇതിനിടെ പിഎന്‍ബി വെള്ളിയാഴ്‌ച ഒരു ജനറല്‍മാനേജര്‍ അടക്കം എട്ട്‌ ഉദ്യോഗസ്ഥരെകൂടി സസ്‌പെന്‍ഡ്‌ ചെയ്‌തു. നീരവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലെ റെയ്‌ഡുകള്‍ അവസാനിപ്പിച്ചിട്ടില്ല.