Breaking News

Trending right now:
Description
 
Feb 17, 2018

യുഎസില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സ്‌മരണാഞ്‌ജലി

image യുഎസിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ പാര്‍ക്‌ ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ഡഗ്ലസ്‌ ഹൈസ്‌കൂളില്‍ പുറത്താക്കപ്പെട്ട മുന്‍ വിദ്യാര്‍ഥി കൊലപ്പെടുത്തിയ വിദ്യാര്‍ഥികള്‍ അടക്കം 17 പേര്‍ക്ക്‌ സഹവിദ്യാര്‍ഥികളുടെ സ്‌മരണാഞ്‌ജലി. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ മെഴുകുതിരി കത്തിച്ചാണ്‌ സ്‌മരണാഞ്‌ജലി അര്‍പ്പിച്ചത്‌. കൂട്ടക്കൊല നടത്തിയ നിക്കൊളാസ്‌ ക്രൂസിനെ (19) പിന്നീട്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷം സ്‌കൂളിലെത്തിയ നിക്കൊളാസ്‌ യന്ത്രത്തോക്കുള്‍ അടക്കം ഉപയോഗിച്ചാണ്‌ ആക്രമണം നടത്തിയത്‌. വിദ്യാര്‍ഥികളെ മുഴുവന്‍ പുറത്തിറക്കാനായി അക്രമി സ്‌കൂളിലെ ഫയര്‍ അലാം മുഴക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. ആദ്യം സ്‌കൂളിനു പുറത്തും പിന്നീട്‌ അകത്തുംകയറി വെടിയുതിര്‍ക്കുകയായിരുന്നു. പുകബോംബും മാസ്‌കും അക്രമിയുടെ പക്കലുണ്ടായിരുന്നു. തുടരെ വെടിവച്ച അക്രമിയില്‍നിന്നു ജീവന്‍രക്ഷിക്കാന്‍ ഓടിയ വിദ്യാര്‍ഥികളോടൊപ്പം അക്രമിയും ഓടിയെങ്കിലും പൊലീസ്‌ പിന്നാലെയെത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.

14 കുട്ടികളും അധ്യാപിക, ഫുട്‌ബോള്‍കോച്ച്‌, കായികവിഭാഗം ഡയറക്ടര്‍ എന്നിവരാണ്‌ മരിച്ചതെന്നു അധികൃതര്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജനായ കുട്ടിയടക്കം 13 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്‌. അച്ചടക്കലംഘനത്തെ തുടര്‍ന്നാണ്‌ നിക്കൊളാസിനെ സ്‌കൂളില്‍നിന്നു പുറത്താക്കിയത്‌. നിക്കൊളാസ്‌ ആക്രമണത്തിനു ഉപയോഗിച്ച എആര്‍15 യന്ത്രത്തോക്ക്‌ നിയമപരമായിതന്നെ വാങ്ങിയതാണെന്നാണ്‌ റിപ്പോര്‍ട്ട്‌. നാട്ടിലും സ്‌കൂളിലും വലിയ പ്രശ്‌നക്കാരനായിരുന്നു. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പൊലീസ്‌ നിക്കൊളാസിന്റെ വീട്ടില്‍ എത്തുമായിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ച്‌ അണ്ണാനെയും അയല്‍ക്കാരുടെ കോഴികളെയും വെടിവച്ചുകൊല്ലുന്നതും ഏറെ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും സംസാരം തോക്കുകളെക്കുറിച്ചായിരുന്നുവെന്നാണ്‌ പൊലീസിനു ലഭിച്ചവിവരം. ഒറ്റപ്പെട്ടു ജീവിച്ചുവന്ന നിക്കൊളാസ്‌ തോക്ക്‌ പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റു ചെയ്‌തിട്ടുണ്ട്‌.