Breaking News

Trending right now:
Description
 
Feb 17, 2018

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; വ്യാപക നാശനഷ്ടം

image മെക്‌സിക്കോയിലെ തെക്ക്‌ പടിഞ്ഞാറന്‍ നഗരമായ ഓക്‌സാകയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 7.2 തീവ്രതയുള്ള ഭൂചലനമാണ്‌ വെള്ളിയാഴ്‌ച അനുഭവപ്പെട്ടത്‌. നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നിരവധിപേര്‍ക്ക്‌ പരുക്കുണ്ട്‌. എന്നാല്‍, മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന്‌ ആളുകള്‍ കെട്ടിടത്തില്‍നിന്ന്‌ ഇറങ്ങിയോടി. ഒരുമിനിട്ടോളം ഭൂചലനം നീണ്ടുനിന്നതായാണ്‌ റിപ്പോര്‍ട്ട്‌. വലിയ കെട്ടിടങ്ങള്‍പോലും കുലുങ്ങി. ഏതാനും മിനിട്ടു സമയത്തേക്ക്‌ ഗതാഗതം പോലും സ്‌തംഭിച്ചു. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും പ്രകമ്പനം അനുഭവപ്പെട്ടു. പസഫിക്ക്‌ തീരത്തിന്‌ സമീപത്തായി 24.6 കിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്നു യുഎസ്‌ ജിയോളജിക്കല്‍ സര്‍വേയില്‍ പറയുന്നു. സുനാമി ഭീഷണിയില്ലെന്നു പസഫിക്‌ സുനാമി മുന്നറിയിപ്പ്‌ കേന്ദ്രം അറിയിച്ചു. മെക്‌സിക്കോ സിറ്റി അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ അധികൃതര്‍ ഭൂകമ്പ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അതിനാല്‍ ജനങ്ങളിലേറെയും തുറസായ സ്ഥലങ്ങളിലായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറിലുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായ നഷ്ടമാണ്‌ തെക്കന്‍ മെക്‌സിക്കോയിലും തലസ്ഥാന നഗരത്തിലുമുണ്ടായത്‌. നൂറുകണക്കിന്‌ ആളുകള്‍ മരിച്ചിരുന്നു.