Breaking News

Trending right now:
Description
 
Feb 16, 2018

11,400 കോടിയുടെ തട്ടിപ്പ്‌: നീരവ്‌ മോദിയും കുടുംബവും നാടുവിട്ടു

image പഞ്ചാബ്‌ നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) 11,400 കോടിയുടെ തിരിമറി നടത്തിയ വജ്രവ്യാപാരി ഗുജറാത്തുകാരന്‍ നീരവ്‌ മോദിയും കുടുംബവും രാജ്യംവിട്ടതായി സ്ഥിരീകരണം. ജനുവരി ആദ്യമാണ്‌ നീരവും കുടുംബവും രാജ്യംവിട്ടത്‌. നീരവ്‌ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ്‌. കുടുംബാംഗങ്ങള്‍ ബെല്‍ജിയത്തില്‍ ഉണ്ടെന്നാണ്‌ സൂചന. തിരിമറിയുമായി ബന്ധപ്പെട്ട്‌ പിഎന്‍ബി പരാതിനല്‍കിയത്‌ ജനുവരി അവസാനമാണ്‌. അതേസമയം, നീരവ്‌ മോദിക്കും കുടുംബത്തിനുമെതിരെ സിബിഐ തിരച്ചില്‍ നോട്ടീസ്‌ പുറപ്പെടുവിച്ചു. ബാങ്കിനു ഉണ്ടായിട്ടുള്ള ബാധ്യത ഇനിയും കണക്കാക്കിയിട്ടില്ല. മുഴുവന്‍ ബാധ്യതയും വീട്ടാനാവുംവിധം വജ്രവ്യാപാരിയുടെ ആസ്‌തികള്‍ പിടിച്ചെടുക്കുമെന്നു സര്‍ക്കാര്‍ അവകാശപ്പെട്ടു. തട്ടിപ്പിനു നേതൃത്വം നല്‍കിയ നീരവ്‌ മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും ഇരുപതിലേറെ സ്ഥാപനങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും പരിശോധന നടത്തി 5100 കോടി രൂപയുടെ വജ്രവും സ്വര്‍ണവും പിടിച്ചെടുത്തു. അഞ്ചുകെട്ടിടങ്ങളും ഓഫിസുകളും അടച്ചുപൂട്ടി മുദ്രവച്ചു. പഞ്ചാബ്‌ നാഷനല്‍ ബാങ്കിനു എത്രകോടി രൂപയുടെ ബാധ്യതയുണ്ടെന്നുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 2300 കോടി രൂപ, ആക്‌സിസ്‌ ബാങ്കിന്‌ 2000 കോടിരൂപ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ 960 കോടിരൂപ, അലാഹാബാദ്‌ ബാങ്കിന്‌ 2000 കോടി രൂപ എന്നിങ്ങനെ ഈ വ്യാജ സമ്മതപത്രങ്ങള്‍ സ്വീകരിച്ചു പണം നല്‍കിയതായി പുറത്തുവന്നിട്ടുണ്ട്‌. 30 ബാങ്കുകളില്‍നിന്നു ഇത്തരത്തില്‍ ഇടപാട്‌ നടത്തിയിട്ടുണ്ടെന്നാണ്‌ സൂചന. പഞ്ചാബ്‌ നാഷനല്‍ ബാങ്കില്‍ നീരവ്‌ മോദിയുടെ ഒരു ഉദ്യോഗസ്ഥന്‍ സമ്മതപത്രം (ലെറ്റര്‍ ഓഫ്‌ അണ്ടര്‍ടേക്കിംഗ്‌) ഹാജരാക്കി ബയേഴ്‌സ്‌ ക്രെഡിറ്റ്‌ (ഇറക്കുമതിക്കാര്‍ക്ക്‌ ആറുമാസംവരെ കാലാവധിക്കു നല്‍കുന്ന വായ്‌പ) ആവശ്യപ്പെട്ടതോടെയാണ്‌ കള്ളക്കളി പുറത്തുവന്നതെന്നാണ്‌ ചെയര്‍മാന്‍ സുനില്‍മേത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.