Breaking News

Trending right now:
Description
 
Feb 15, 2018

നിരക്ക്‌ വര്‍ധന പോരാ; നാളെ മുതല്‍ സ്വകാര്യബസ്‌ സമരം

image സംസ്ഥാനത്ത്‌ 16 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ്‌ സമരം. നിലവിലെ നിരക്ക്‌ വര്‍ധന അംഗീകരിക്കാനാവില്ലെന്നും സമരവുമായി മുന്നോട്ടുപോകാനാണ്‌ തീരുമാനമെന്നും സ്വകാര്യബസ്‌ ഉടമകളുടെ സംഘടന വ്യക്തമാക്കി. നിരക്ക്‌ വര്‍ധനയും സമരവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം പ്രഖ്യാപിച്ചത്‌. പുതിയ തീരുമാനമനുസരിച്ച്‌ നാളെ മുതല്‍ സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങില്ല. മിനിമം യാത്രാനിരക്ക്‌ 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌ 50 ശതമാനം ആക്കി ഉയര്‍ത്തണമെന്നും ബസ്‌ ഉടമകള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ കയറുന്നുവെന്ന കാരണത്താല്‍ ബസ്‌ ഉടമകള്‍ക്ക്‌ യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. കണ്‍സഷന്‍ അനുവദിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഈ രംഗത്ത്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ്‌ ബസ്‌ ഉടമകളുടെ വാദം.
നിലവിലെ ഡീസല്‍വില കണക്കാക്കുമ്പോള്‍ ഇപ്പോഴത്തെ നിരക്ക്‌ വര്‍ധന അപര്യാപ്‌തമാണ്‌. സര്‍ക്കാര്‍ നിരക്ക്‌ ഉയര്‍ത്തുംവരെ വിദ്യാര്‍ഥികള്‍ക്ക്‌ കണ്‍സഷന്‍ അനുവദിക്കേണ്ടതില്ലെന്നാണ്‌ യോഗതീരുമാനം. ജസ്‌റ്റീസ്‌ രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരമാണ്‌ നിരക്ക്‌ വര്‍ധിപ്പിച്ചതെന്ന സര്‍ക്കാര്‍വാദം പൊള്ളയാണ്‌. വിദ്യാര്‍ഥികളുടെ നിരക്കില്‍ 25 ശതമാനം വര്‍ധനയാണ്‌ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. എന്നാല്‍ സര്‍ക്കാര്‍ ഈ ഭാഗം കണ്ടില്ലെന്നു നടക്കുകയാണെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും ബസ്‌ ഉടമകള്‍ വ്യക്തമാക്കി. അതേസമയം, എല്ലാവശങ്ങളും പരിശോധിച്ചശേഷമാണ്‌ നിരക്ക്‌ വര്‍ധിപ്പിച്ചതെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.