Breaking News

Trending right now:
Description
 
Feb 15, 2018

പിഎന്‍ബി തട്ടിപ്പ്‌: നീരവ്‌ മോദി രാജ്യംവിട്ടു; സ്ഥാപനങ്ങളില്‍ റെയ്‌ഡ്‌

image രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിലൊന്നായ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മുംബൈ ശാഖയില്‍ നടന്ന 11,346 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വജ്രവ്യാപാരി നീരവ്‌ മോദിയുടെ വസതിയിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ റെയ്‌ഡ്‌ നടത്തുന്നത്‌. മുംബൈ കലാഘോഡയിലെ ഷോറൂമിലും സൂറത്തിലെ മൂന്നു കേന്ദ്രങ്ങളിലും മുംബൈയില്‍ നാലിടത്തും ഡല്‍ഹിയില്‍ രണ്ടിടത്തും റെയ്‌ഡ്‌ നടക്കുന്നുണ്ട്‌. പഞ്ചാബ്‌ നാഷനല്‍ ബാങ്കിന്റെ ഓഫിസിലും റെയ്‌ഡ്‌ നടക്കുന്നുണ്ടെന്നാണ്‌ വിവരം. അതേസമയം, തട്ടിപ്പിലെ പ്രധാനിയായ നീരവ്‌ മോദി എവിടെയാണെന്നു അന്വേഷണ ഏജന്‍സികള്‍ക്ക്‌ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇയാള്‍ രാജ്യംവിട്ടിരിക്കാനാണ്‌ സാധ്യതയെന്നു റിപ്പോര്‍ട്ടുണ്ട്‌.

നീരവ്‌ മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ്‌ പങ്കാളിയും അമ്മാവനുമായ മെഹൂല്‍ ചിന്നുഭായ്‌ ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച്‌ 280 കോടി രൂപ തട്ടിയ കേസ്‌ ഈ മാസം അഞ്ചിനു സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ബാങ്ക്‌ നടത്തിയ വിശദമായ പരിശോധനയിലാണ്‌ 11,346 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്‌. 2011 മുതലുള്ള തട്ടിപ്പാണിത്‌. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക്‌ ഗ്യാരന്റിയുടെ ഇടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ്‌ ക്രെഡിറ്റ്‌ രേഖകള്‍ ഉപയോഗിച്ചാണ്‌ തട്ടിപ്പു നടന്നതെന്നാണ്‌ നിഗമനം. പിഎന്‍ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്‌ക്കാത്തതുമൂലം ബാധ്യത ജാമ്യംനിന്ന പിഎന്‍ബിക്കായി. പിഎന്‍ബിയുടെ അഭ്യര്‍ഥന മാനിച്ച്‌ ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന്‌ ആക്‌സിസ്‌ ബാങ്ക്‌ വ്യക്തമാക്കി. ഡോളര്‍ ആയാണ്‌ വായ്‌പ നല്‍കിയിരുന്നത്‌. പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ബോണ്ടുകള്‍ കാണിച്ച്‌ മൂന്ന്‌ ബാങ്കുകളില്‍നിന്ന്‌ നീരവ്‌ മോദി വായ്‌പ എടുത്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്‌.