Breaking News

Trending right now:
Description
 
Feb 13, 2018

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ യുഡിഎഫിന്റെ ഹര്‍ത്താല്‍

image കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എടയന്നൂര്‍ സ്വദേശി എസ്‌.പി.ശുഹൈബിനെ (29) കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നു കോണ്‍ഗ്രസ്‌ നേതൃത്വം ആരോപിച്ചു. തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ്‌ സംഭവം. തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ശുഹൈബിനെ കാറിലെത്തിയ മുഖംമൂടിസംഘം വെട്ടിവീഴ്‌ത്തുകയായിരുന്നു. രണ്ടുതവണ റോഡില്‍ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. കാലിനും കൈക്കും വെട്ടേറ്റു ഗുരതരനിലയില്‍ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ്‌ മരണം. ശുഹൈബിന്‌ ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം എടയന്നൂരിലുണ്ടായ സിപിഎം-കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ്‌ അടുത്തിടെയാണ്‌ പുറത്തിറങ്ങിയത്‌. ഇതിന്റെ തുടര്‍ച്ചയാണ്‌ ഇന്നലത്തെ ആക്രമണമെന്നു സംശയിക്കുന്നതായി പൊലീസ്‌ വ്യക്തമാക്കി. അതേസമയം, ശുഹൈബിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിന്‌ പിന്നില്‍ സിപിഎമ്മിനു പങ്കില്ലെന്നു എടയന്നൂര്‍ ലോക്കല്‍കമ്മിറ്റി പ്രസ്‌താവനയില്‍ അറിയിച്ചു.