Breaking News

Trending right now:
Description
 
Feb 12, 2018

ബിഷപ്‌ ഡോ.ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ അഭിഷിക്തനായി

image ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ബിഷപ്‌ ഡോ.ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ അഭിഷിക്തനായി. അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക്‌ ബിഷപ്‌ ഡോ.സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികത്വംവഹിച്ചു. കൊല്ലം ബിഷപ്‌ ഡോ. സ്‌റ്റാന്‍ലി റോമനും കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയിലും സഹകാര്‍മികരായിരുന്നു. ബസിലിക്കയുടെ മുന്നിലെ ജംക്ഷനില്‍നിന്നു ഡോ.സ്‌റ്റീഫന്‍ അത്തിപ്പൊഴിയിലിനെയും നിയുക്ത മെത്രാന്‍ ഡോ.ജയിംസ്‌ റാഫേല്‍ ആനാപറമ്പിലിനെയും ബസിലിക്കയിലേക്ക്‌ സ്വീകരിച്ചാനയിച്ചതോടെയായിരുന്നു ചടങ്ങുകള്‍ക്ക്‌ തുടക്കം. വത്തിക്കാന്‍ പ്രതിനിധി മോണ്‍.ഹെന്റിക്‌ ജഗോഡ്‌സിന്‍സ്‌കിയും രൂപത ചാന്‍സലര്‍ ഫാ.യേശുദാസ്‌ കാട്ടുങ്കല്‍ തയ്യിലും അപ്പോസ്‌തലിക വിളംബരം വായിച്ചു. തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം സുവിശേഷ പ്രഘോഷണം നടത്തി. നിയുക്ത മെത്രാന്റെ ശിരസിനു മീതേ തുറന്ന സുവിശേഷഗ്രന്ഥംവച്ച്‌ പ്രതിഷ്‌ഠാ പ്രാര്‍ഥനയും പിന്നീട്‌ തൈലാഭിഷേകവും ശിരോലേപനവും നടത്തി. തുടര്‍ന്നു സുവിശേഷഗ്രന്ഥം ഭരമേല്‍പ്പിച്ചു. അഭിഷിക്ത മെത്രാന്റെ വലതുകൈയില്‍ മോതിരമണിയിച്ചശേഷം ശിരസില്‍ അംശമുടി ചാര്‍ത്തി. ജനപരിപാലനാധികാര ചിഹ്നമായ അധികാരദണ്ഡു നല്‍കിയതോടെ മെത്രാഭിഷേക കര്‍മത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകള്‍ക്ക്‌ സാക്ഷിയായി.