Breaking News

Trending right now:
Description
 
Feb 12, 2018

ഭീകരാക്രമണം: മൂന്നു ജവാന്‍മാര്‍ക്കുകൂടി വീരമൃത്യു

image ജമ്മുവിലെ സുന്‍ജ്വാന്‍ കരസേന ക്യാംപിനു നേര്‍ക്ക്‌ കഴിഞ്ഞദിവസം ജയ്‌ഷെ മുഹമ്മദ്‌ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ജവാന്മാരുടെ മൃതദേഹങ്ങള്‍കൂടി ക്യാംപിനുള്ളില്‍ കണ്ടെത്തി. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ എണ്ണം അഞ്ചായി. വീരമൃത്യു വരിച്ച ഒരു സൈനികരില്‍ ഒരാളുടെ പിതാവിന്റെ മൃതദേഹവും ഞായറാഴ്‌ച നടത്തിയ തിരച്ചിലില്‍ ലഭിച്ചു. സൈനികരുടെ കുടുംബാംഗങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നാമനെയും സൈന്യം വധിച്ചു. നേരത്തെ രണ്ടുപേരെ വധിച്ചിരുന്നു. ആറു സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കുണ്ട്‌. ചികിത്സയില്‍കഴിയുന്ന ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്‌. ഭീകരര്‍ കനത്ത ആയുധശേഖരവുമായാണ്‌ ക്യാംപില്‍ കടന്നത്‌. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തശേഷം കുടുംബാംഗങ്ങള്‍ താമസിക്കുന്ന ഭാഗത്ത്‌ ഒളിച്ചതുമൂലമാണ്‌ ഇവരെ തുരത്തുന്നതിന്‌ സൈന്യത്തിന്‌ താമസമുണ്ടായത്‌.