Breaking News

Trending right now:
Description
 
Feb 12, 2018

റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു: 71 മരണം

image മോസ്‌കോയ്‌ക്കു സമീപം റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ്‌ 71 പേര്‍ കൊല്ലപ്പെട്ടു. 65 യാത്രക്കാരും പൈലറ്റും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ്‌ മരിച്ചത്‌. ദൊമോദെദേവോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നയുടന്‍ വിമാനത്തിന്‌ റഡാറുമായുള്ള ബന്ധം നഷ്ടമാവുകയും തൊട്ടടുത്ത ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ആകാശത്തുനിന്നു തീഗോളമായി വിമാനം താഴേക്കു പതിക്കുന്നതു കണ്ടതായി ടിവി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. സറാറ്റോവ്‌ എയര്‍ലൈന്‍സിന്റെ റഷ്യന്‍ നിര്‍മിത അന്റോനോവ്‌ എഎന്‍ 148 വിമാനമാണ്‌ ദുരന്തത്തില്‍പെട്ടത്‌. കസഖ്‌സ്ഥാന്‍ അതിര്‍ത്തി നഗരമായ ഓര്‍സ്‌കിലേക്കു യാത്ര നടത്തുകയായിരുന്നു. വ്യോമഗതാഗത കേന്ദ്രവുമായി ബന്ധം നഷ്ടപ്പെട്ടു ഏറെ വൈകാതെ വിമാനം തകര്‍ന്നുവീണു. മഞ്ഞുവീഴ്‌ചയെതുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ്‌ അപകടകാരണമെന്നു സംശയിക്കുന്നു. മഞ്ഞുപാളികള്‍ക്കിടയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടസ്ഥലത്തേക്കു റോഡുമാര്‍ഗം എത്താന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ തടസമായി. വിമാനം തകര്‍ന്നുവീണതെന്നു സംശയിക്കുന്ന അര്‍ഗുനോവോയില്‍ പരിശോധന തുടരുകയാണെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മോസ്‌കോയില്‍നിന്നു 50 മൈല്‍ തെക്കുകിഴക്കാണ്‌ അര്‍ഗുനോവോ.