Breaking News

Trending right now:
Description
 
Feb 11, 2018

ഇസ്രയേലിന്റെ എഫ്‌16 വിമാനം സിറിയ വെടിവച്ചിട്ടു

image ഇസ്രയേലിന്റെ എഫ്‌-16 യുദ്ധവിമാനം സിറിയ വെടിവച്ചുവീഴ്‌ത്തിയതിനെ തുടര്‍ന്ന്‌ മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചു. സിറിയന്‍ വിമാനവേധത്തോക്കുകളില്‍നിന്നുള്ള വെടിയേറ്റ ഇസ്രയേല്‍ യുദ്ധവിമാനം വടക്കന്‍ ഇസ്രയേലിലെ ജസ്‌റേല്‍ താഴ്‌ വരയിലാണ്‌ തകര്‍ന്നുവീണത്‌. രണ്ടുപൈലറ്റ്‌ മാര്‍ പാരഷ്യൂട്ടില്‍ രക്ഷപ്പെട്ടു. ഒരു പൈലറ്റിന്റെ നില ഗുരുതരമാണ്‌. സിറിയന്‍ മണ്ണില്‍നിന്നയച്ച ഇറാന്റെ ആളില്ലാവിമാനം (ഡ്രോണ്‍) ഇസ്രയേല്‍ മേഖലയില്‍ കടന്നതിനെ തുടര്‍ന്നാണ്‌ ഇസ്രയേല്‍ വ്യേമാക്രമണത്തിനായി യുദ്ധവിമാനങ്ങള്‍ അയച്ചത്‌. ഇസ്രയേല്‍ ഇതിനുമുമ്പും സിറിയയിലെ ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുദ്ധവിമാനം നഷ്ടപ്പെടുന്നത്‌ ആദ്യമാണ്‌. എന്നാല്‍, ഇറാന്റെ ഡ്രോണ്‍ ഇസ്രയേലിന്റെ അതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണം സിറിയന്‍ സേന നിഷേധിച്ചു. ഡ്രോണ്‍ വീഴ്‌ത്തിയെന്ന അവകാശവാദം ഇറാനും തള്ളി. ഇതേസമയം, സിറിയയില്‍ 12 സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി. ഇറാന്‍ സ്ഥാപിച്ച വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടക്കം തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ദമാസ്‌കസിനു പടിഞ്ഞാറ്‌ സിറിയ-ലെബനന്‍ അതിര്‍ത്തി മേഖലയിലും ഹോംസ്‌ പ്രവിശ്യയുടെ കിഴക്കന്‍ ഗ്രാമീണമേഖലയിലുമാണ്‌ ഇസ്രയേല്‍ സൈന്യം മണിക്കൂറുകള്‍ നീണ്ട വ്യോമാക്രമണം നടത്തിയത്‌. ആക്രമിക്കപ്പെട്ടവയില്‍ ഇറാന്റെ നാലു സൈനിക കേന്ദ്രങ്ങളും മൂന്നു വ്യോമപ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുന്നു.