Breaking News

Trending right now:
Description
 
Feb 10, 2018

റഫേല്‍ ഇടപാട്‌ : കേന്ദ്രസര്‍ക്കാരിനെ ആക്രമിച്ച്‌ രാഹുല്‍

image റഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ച്‌ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആയുധ ഇടപാടുകള്‍ സംബന്ധിച്ച്‌ മുന്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ രാഹുല്‍ വെല്ലുവിളിച്ചത്‌. യുദ്ധവിമാനങ്ങള്‍ വാങ്ങിയ തുക, ഓരോ വിമാനത്തിന്റെയും വില, കരാറിന്റെ വിശദവിവരങ്ങള്‍ തുടങ്ങിയ ആരാഞ്ഞുകൊണ്ട്‌ യുപിഎ സര്‍ക്കാരിനു ലഭിച്ച ചോദ്യങ്ങളും അവയ്‌ക്കു നല്‍കിയ ഉത്തരങ്ങളുമാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയത്‌. രാജ്യത്തിന്റെ സുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തി യുപിഎ സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്നാണ്‌ റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ പുറത്തു വിടാത്തതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞു. യുപിഎ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിമാരായിരുന്ന പ്രണബ്‌ മുഖര്‍ജിയും എ.കെ.ആന്റണിയും രാജ്യതാല്‍പര്യത്തിന്റെ പേരില്‍ ഇടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം ജയ്‌റ്റ്‌ലി വാദിച്ചത്‌. റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ ഇരട്ടത്താപ്പ്‌ പുലര്‍ത്തുകയാണെന്നും രാജ്യതാല്‍പര്യം ബലികഴിക്കുകയാണെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. പൊതുഖജനാവിനു നഷ്ടമുണ്ടാക്കുന്ന കാര്യത്തിലാണ്‌ മോദി സര്‍ക്കാര്‍ മൗനംപാലിക്കുന്നത്‌. ഉത്തരം ലഭിക്കുന്നതുവരെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമെന്നു കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌സിങ്‌ സുര്‍ജേവാല വ്യക്തമാക്കി. നിലവിലെ വിനിമയനിരക്കില്‍ 1570.8 കോടി രൂപയ്‌ക്കാണ്‌ കേന്ദ്രസര്‍ക്കാര്‍ ഒരുവിമാനം വാങ്ങാന്‍ പദ്ധതിയിട്ടത്‌. എന്നാല്‍, 2012 ഡിസംബറില്‍ ഒരു റഫേല്‍ വിമാനത്തിനു 526.1 കോടി രൂപയായിരുന്നു വിലയെന്നു സുര്‍ജേവാല ചൂണ്ടിക്കാട്ടി. അതേസമയം രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യസുരക്ഷയെ ബലികഴിക്കാനുളള ശ്രമമാണ്‌ നടത്തുന്നതെന്നു ജയ്‌റ്റ്‌ലി കുറ്റപ്പെടുത്തി.