Breaking News

Trending right now:
Description
 
Feb 07, 2018

രാജ്യത്തെ വിഭജിച്ച കോണ്‍ഗ്രസ്‌ ആന്ധ്രയേയും വിഭജിച്ചു: പ്രധാനമന്ത്രി

image പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രമേയത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച കോണ്‍ഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദാനന്തരം രാജ്യത്തെ വിഭജിച്ചതുപോലെ കോണ്‍ഗ്രസ്‌ ആന്ധ്രാപ്രദേശിനെയും രാഷ്ട്രീയ ലാഭത്തിനായി വിഭജിക്കുകയായിരുന്നുവെന്നു മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പാപത്തിന്റെ വില രാജ്യം നല്‍കേണ്ടിവരുന്നു. സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തിലും രാജ്യം വിഭജിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ 125 കോടി ജനം അനുഭവിക്കുകയാണ്‌. ആന്ധ്രായെ രണ്ടായി വിഭജിച്ചതും ഇത്തരമൊരു രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയായിരുന്നു. എ.ബി.വാജ്‌പേയിയുടെ കാലത്ത്‌ ഉത്തരാഖണ്ഡ്‌, ജാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങള്‍ രൂപീകൃതമായപ്പോള്‍ എന്തെങ്കിലും പ്രതിസന്ധി ഉടലെടുത്തിരുന്നോ-പ്രധാനമന്ത്രി ചോദിച്ചു. പതിറ്റാണ്ടുകളായി ഒരു പാര്‍ട്ടിയുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവാക്കുന്നത്‌ ഒരു കുടുംബത്തെ സേവിക്കാനാണ്‌. രാജ്യത്തിന്റെ താല്‍പര്യം മുഴുവന്‍ ഈ കുടുംബത്തിനുവേണ്ടി ഉപയോഗിക്കുകയാണ്‌. കേരളത്തിലും പഞ്ചാബിലും തമിഴ്‌നാട്ടിലുമെല്ലാം കോണ്‍ഗ്രസ്‌ എന്താണ്‌ ചെയ്‌തിരിക്കുന്നത്‌. പല സംസ്ഥാനങ്ങളിലും അവര്‍ സര്‍ക്കാരുകളെ അട്ടിമറിച്ചു. അവര്‍ക്ക്‌ ജനാധിപത്യത്തോട്‌ ഒരു ബാധ്യതയുമില്ലെന്നു മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം വലിയ ബഹളത്തോടെയാണ്‌ മോദിയുടെ മറുപടിപ്രസംഗത്തെ എതിരേറ്റത്‌. എന്നാല്‍, താന്‍ സംസാരിക്കുമ്പോഴെല്ലാം ഇതു പതിവാണെന്നു പറഞ്ഞ മോഡി കോണ്‍ഗ്രസ്‌ നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രാജ്യം കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്നും കൂട്ടിച്ചേര്‍ത്തു.