Breaking News

Trending right now:
Description
 
Feb 07, 2018

മാലിദ്വീപില്‍ ചീഫ്‌ ജസ്‌റ്റീസ്‌ അറസ്റ്റില്‍

image മാലിദ്വീപില്‍ ഭരണാധികാരികളും നീതിന്യായ സംവിധാനവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ്‌ അബ്ദുല്ല യമീന്‍ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സുപ്രംകോടതി ചീഫ്‌ ജസ്റ്റീസ്‌ അബ്ദുല്ല സയീദും ജഡ്‌ജി അലി ഹമീദും അറസ്റ്റിലായി. ഭരണം അട്ടിമറിക്കാന്‍ ചീഫ്‌ ജസ്റ്റീസിന്റെ നേതൃത്വത്തില്‍ അട്ടിമറി നടത്തിയെന്നാണ്‌ ഭരണാധികാരികളുടെ ആരോപണം. സംഭവം അന്വേഷിച്ചു കണ്ടെത്തുന്നതിനാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന്‌ രാഷ്ട്രത്തോട്‌ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ്‌ വ്യക്തമാക്കി. ഇതേസമയം ഒമ്പതു പ്രമുഖ പ്രതിപക്ഷ നേതാക്കളെ വിട്ടയയ്‌ക്കണമെന്ന കഴിഞ്ഞദിവസത്തെ ഉത്തരവ്‌ പുതിയ സാഹചര്യത്തില്‍ സുപ്രീംകോടതി പിന്‍വലിച്ചു. അറസ്റ്റിലായ ചീഫ്‌ ജസ്റ്റീസും മറ്റൊരു ജഡ്‌ജിയും ഒഴികെയുള്ള മൂന്നു ജഡ്‌ജിമാര്‍ ചൊവ്വാഴ്‌ച രാത്രി പ്രത്യേക സിറ്റിങ്‌ നടത്തിയാണ്‌ മുന്‍ ഉത്തരവ്‌ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്‌. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ നഷീദ്‌ 2012-ല്‍ പുറത്താക്കപ്പെട്ടശേഷം മാലദ്വീപ്‌ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. ജയിലില്‍നിന്ന്‌ ചികിത്സയ്‌ക്കായി ബ്രിട്ടനിലേക്കു പോവുകയും പ്രവാസിയായി കഴിയുകയും ചെയ്യുന്ന നഷീദ്‌ ഉള്‍പ്പെടെ ഒമ്പതു പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരെ വിട്ടയയ്‌ക്കാനും ഭരണപക്ഷത്തുനിന്നു കൂറുമാറിയതിനെ തുടര്‍ന്ന്‌ അയോഗ്യരാക്കപ്പെട്ട 12 എംപിമാരെ തിരിച്ചെടുക്കാനുമാണ്‌ കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടത്‌. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.